അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിലെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ പരാതിയിലാണ് നടപടി. പ്രാഥമിക റിപ്പോർട്ട് 15 ദിവസത്തിനകം നൽകണം. മുപ്പത് ദിവസത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഡിജിപിയുടെ ഉത്തരവ്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരമാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

നിതിന്‍ രാജിന്റെ മരണത്തിൽ പ്രതി ഡോ. എന്‍.കെ. റാം മുന്‍കൂര്‍ ജാമ്യം തേടി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിതിന്‍ രാജിനോട് മുന്‍വൈരാഗ്യം ഇല്ലെന്നും ലോണ്‍ ആപ്പ് വായ്പയുമായി തനിക്ക് ബന്ധമില്ലെന്നുമാണ് ഡോ. എന്‍.കെ. റാം ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജിയിൽ പറയുന്നത്.

"നിതിന്‍ രാജിനോട് മുന്‍വൈരാഗ്യം ഇല്ല"; മുന്‍കൂര്‍ ജാമ്യം തേടി ഡോ. എന്‍.കെ. റാം ഹൈക്കോടതിയിൽ
മുൻ‌കൂർ ജാമ്യാപേക്ഷ തലശേരി അഡീഷണൽ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് റാം ഹൈക്കോടതിയെ സമീപിച്ചത്. ജാതിയുടെ പേരിൽ നിതിൻ രാജിനെ അപമാനിച്ചതിന് തെളിവില്ലെന്നും ഡോ. റാം വിദ്യാർഥികളോട് മോശമായി പെരുമാറിയിരുന്നെങ്കിലും അത് ജാതിയെ അടിസ്ഥാനപ്പെടുത്തിയല്ലെന്നും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിൽ കോടതി അറിയിച്ചിരുന്നു.