ഇടതുപക്ഷ സര്‍ക്കാര്‍ ബജറ്റിൽ പ്രഖ്യാപിച്ച സൗജന്യ ഡിഗ്രി വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി. പദ്ധതി നടപ്പിലാക്കാൻ വൈകുന്നത് വിദ്യാർത്ഥികളിൽ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും, വരാനിരിക്കുന്ന അധ്യയന വർഷം മുതൽ തന്നെ ഇത് നടപ്പിലാക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി തെരുവിലിറങ്ങുമെന്നും എസ്എഫ്ഐ മുന്നറിയിപ്പ് നൽകി.

കേരളത്തിലെ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പഠനം സൗജന്യമാക്കുമെന്ന പ്രഖ്യാപനം ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ പ്രതീക്ഷയാണ് നൽകിയത്. സാധാരണക്കാരായ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ പഠനം പൂർത്തിയാക്കാൻ ഈ പദ്ധതി സഹായകമാകും.

2026-27 അധ്യയന വർഷം മുതൽ തന്നെ സൗജന്യ ഡിഗ്രി വിദ്യാഭ്യാസത്തിന്റെ ആനുകൂല്യം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കണം. പദ്ധതി അട്ടിമറിക്കാനുള്ള നീക്കങ്ങൾ അനുവദിക്കില്ല. സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ഇത് വലിയ തിരിച്ചടിയാകും. സർക്കാർ പ്രഖ്യാപനം നടപ്പിലാക്കാൻ തയ്യാറായില്ലെങ്കിൽ കേരളത്തിലെ കലാലയങ്ങളെയും തെരുവുകളെയും സമരമുഖരിതമാക്കുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.