വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ചോദ്യങ്ങളുമായി സിപിഎം നേതാവും മുൻ ധനമന്ത്രിയുമായ ഡോ. ടി.എം. തോമസ് ഐസക്. ചാർട്ടേർഡ് ഫ്ലൈറ്റിൽ മംഗലാപുരത്തേക്ക് പോയി അദാനി ഗ്രൂപ്പ് അധികൃതരുമായി നടത്തിയതായി ആരോപിക്കപ്പെടുന്ന രഹസ്യ ചർച്ചകളിൽ ഓഹരി കൈമാറ്റ വിഷയം ചർച്ച ചെയ്തിരുന്നോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രി ഇതുവരെ മറുപടി നൽകിയിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.

ഈ വിഷയത്തിൽ വ്യക്തത വരുത്തുന്നതിനുപകരം, എം.എസ്.സി. കമ്പനിയുടെ നിക്ഷേപ വാർത്ത ആദ്യം പുറത്തുവിട്ടത് ദേശാഭിമാനിയാണെന്ന് പറയുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും തോമസ് ഐസക് സമൂഹമാധ്യമ കുറിപ്പിൽ വിമർശിച്ചു. എന്നാൽ ജൂൺ 1-ന് ഇക്കണോമിക് ടൈംസ്യും ജൂൺ 3-ന് മാതൃഭൂമിയും ഇതുസംബന്ധിച്ച വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ 2,598 കോടി രൂപ നിക്ഷേപിച്ച അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ ഇന്നത്തെ മൂല്യം ഏകദേശം 25,000 കോടി രൂപയാണെന്നും തോമസ് ഐസക് പറഞ്ഞു. തുറമുഖ നടത്തിപ്പിൽ നിന്നുള്ള ലാഭം മാത്രമല്ല, ഓഹരി മൂല്യവർധനയിൽ നിന്നുള്ള നേട്ടവും കേരളത്തിന് ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും, അതേസമയം പദ്ധതിച്ചെലവിന്റെ 70 ശതമാനവും കേരളം വഹിക്കേണ്ടിവരുന്നതായും അദ്ദേഹം വിമർശിച്ചു.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഒപ്പുവെച്ച കരാർ കേരളത്തിന്റെ താത്പര്യങ്ങളെ ബലികഴിക്കുന്നതല്ലേയെന്നും, ഓഹരി വിൽപ്പനയ്ക്ക് അംഗീകാരം നൽകുന്നതിന് മുമ്പ് സംസ്ഥാനത്തിന് കൂടുതൽ നേട്ടം ഉറപ്പാക്കുന്ന നിബന്ധനകൾ കൊണ്ടുവരാൻ സർക്കാർ തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു. തുറമുഖാധിഷ്ഠിത വികസനത്തിന്റെ പേരിൽ സംസ്ഥാന താത്പര്യങ്ങൾ അവഗണിക്കരുതെന്നും തോമസ് ഐസക് മുന്നറിയിപ്പ് നൽകി.