മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള കൂടിക്കാഴ്ചാ വിവാദത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുഖ്യമന്ത്രി വി ഡി സതീശനെ കാണാൻ പലതവണ ശ്രമിച്ചെങ്കിലും അനുമതി നിഷേധിക്കപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

തന്റെ പ്രൈവറ്റ് സെക്രട്ടറി വഴി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ആറ് ദിവസത്തിന് ശേഷമാണ് മറുപടി ലഭിച്ചത്. തുടർന്ന് മറ്റൊരു അവസരത്തിൽ കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചപ്പോൾ ഒരാഴ്ച കഴിഞ്ഞ് കാണാമെന്നായിരുന്നു മറുപടി. എറണാകുളത്തുവെച്ച് കാണേണ്ട കാര്യമല്ല തനിക്കുള്ളതെന്ന് അപ്പോൾ തന്നെ വ്യക്തമാക്കിയതായും സുകുമാരൻ നായർ പറഞ്ഞു.

ഇക്കാര്യത്തിൽ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് അദ്ദേഹം ആരോപിച്ചു. ഒരു വോട്ടർ എന്ന നിലയിലും പ്രമുഖ സംഘടനയുടെ നേതാവ് എന്ന നിലയിലും ലഭിക്കേണ്ട പരിഗണന മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. മുഖ്യമന്ത്രിയായിരുന്ന മറ്റാരും കാണിക്കാത്ത മര്യാദകേടാണിതെന്നും, താൻ ആരുടെയും മുന്നിലും പിച്ചച്ചട്ടിയുമായി പോയിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. മുൻകാല മുഖ്യമന്ത്രിമാരിൽ നിന്ന് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും, പിണറായി വിജയൻ ആയിരുന്നെങ്കിൽ ഫോൺ വിളിച്ചാൽ എടുക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇനി മുഖ്യമന്ത്രിയെ കാണാൻ തനിക്ക് താല്പര്യമില്ലെന്നും തന്നെ കാണാൻ ആരും വരേണ്ടതില്ലെന്നും സുകുമാരൻ നായർ നിലപാട് കടുപ്പിച്ചു. മുഖ്യമന്ത്രി സന്ദർശനാനുമതി നിഷേധിച്ചിട്ടില്ലെന്നും കാണാൻ തയ്യാറാണെന്നും അറിയിച്ചതിന് പിന്നാലെയാണ് സുകുമാരൻ നായരുടെ രൂക്ഷ പ്രതികരണം. മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങൾക്ക് വിലയിരുത്താമെന്നും, എൻഎസ്എസിന് ഇതുവരെ ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.