ബിജെപി വിട്ടതിന് പിന്നാലെ പ്രതികരണവുമായി നടൻ ദേവൻ രംഗത്ത്.തന്‍റെ അഭിപ്രായങ്ങള്‍ കേൾക്കാൻ നേതൃത്വം തയ്യാറായില്ലെന്നാണ് ദേവൻ പറയുന്നത്.ഒരു രാഷ്ട്രീയ പാർട്ടി തുടങ്ങി എന്തെങ്കിലും മാറ്റം ഉണ്ടാകണം എന്ന് ആഗ്രഹിച്ച ആളാണ് താൻ. മരിക്കുന്നതിന് മുമ്പ് എന്തെങ്കിലുമൊക്കെ ചെയ്യണം, ഇനിയും കാത്തിരിക്കാൻ വയ്യേന്നും ദേവൻ പറഞ്ഞു.

ബിജെപി ദേശീയ നേതൃത്വത്തിനുള്ള പ്രാപ്തി സംസ്ഥാന നേതൃത്വത്തിന് ഇല്ലെന്നാണ് ദേവന്‍ വിമര്‍ശനം ഉന്നയിക്കുന്നത്. കെ സുരേന്ദ്രൻ കുറച്ചുകൂടി രാഷ്ട്രീയ അറിവുള്ള ആളാണ്.രാജീവ് ചന്ദ്രശേഖർ ഒരു കോർപ്പറേറ്റ് പൊളിറ്റീഷ്യൻ ആണ്.ശരിയായ കാര്യങ്ങൾ ദേശീയ നേതൃത്വത്തിന് അധ്യക്ഷൻ അറിയിക്കുന്നില്ല.

കേന്ദ്ര നേതൃത്വത്തോട് ഇക്കാര്യങ്ങൾ സംസാരിക്കാനും അവസരം ലഭിച്ചില്ലെന്നും അദ്ദേഹം പ്രതികരിച്ചു.ഇനി താൻ തുടങ്ങിവെച്ച കേരള പീപ്പിൾസ് പാർട്ടിയുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് തന്നെ പൂർണ്ണ വിശ്വാസമുണ്ടെന്നും ദേവൻ കൂട്ടിച്ചേർത്തു.