ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കൊടിമര ജാഥയ്ക്ക് ആവേശകരമായ തുടക്കമായി. തേമ്പാമൂട് ഹക്ക് മുഹമ്മദ്, മിഥിലാജ് സ്മൃതി മണ്ഡപത്തിൽ നിന്നാരംഭിച്ച ജാഥ ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന പ്രസംഗത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് റിയാസ് ഉന്നയിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ തന്നെ സർക്കാർ ഏത് ദിശയിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞുവെന്നും സംസ്ഥാനത്ത് നടക്കുന്നത് മാറ്റമല്ല, ‘നാറ്റ’മാണെന്നും അദ്ദേഹം പരിഹസിച്ചു.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയും പ്രസംഗത്തിൽ പ്രധാന വിഷയമായി. കഴിഞ്ഞ പത്ത് വർഷക്കാലമായി കേരളത്തിൽ പവർകട്ട് ഉണ്ടായിരുന്നില്ലെന്ന് റിയാസ് പറഞ്ഞു. അന്നും കാലാവസ്ഥാ വ്യതിയാനങ്ങളും വൈദ്യുതി ആവശ്യകതയിലെ വർധനയും ഉണ്ടായിരുന്നുവെങ്കിലും, മുൻകൂട്ടി അധിക വൈദ്യുതി വാങ്ങിയതിലൂടെ പ്രതിസന്ധി ഒഴിവാക്കാൻ കഴിഞ്ഞിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ നിലവിലെ സാഹചര്യത്തിൽ പവർകട്ട് വീണ്ടും സംസ്ഥാനത്തേക്ക് തിരിച്ചുവന്നിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളും റിയാസ് വിമർശന വിധേയമാക്കി. സർക്കാർ ആശുപത്രികളിൽ ടോർച്ച് വെളിച്ചത്തിൽ വരെ ശസ്ത്രക്രിയ നടത്തേണ്ട സാഹചര്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി നടത്തിയ പ്രതികരണം ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു.

“കറന്റ് വന്നിട്ട് സർജറി നടത്തിയാൽ പോരേ” എന്ന തരത്തിലുള്ള മന്ത്രിയുടെ പ്രതികരണം ജനങ്ങളുടെ ആശങ്കകളെ ലഘൂകരിക്കുന്ന സമീപനമാണെന്നും ആരോഗ്യ മേഖലയിലെ ഗുരുതര പ്രശ്നങ്ങളെ സർക്കാർ ഗൗരവത്തോടെ കാണുന്നില്ലെന്നതിന്റെയും തെളിവാണെന്നും റിയാസ് വിമർശിച്ചു.

സംസ്ഥാനത്തെ വിവിധ മേഖലകളിലെ ഭരണപരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് ഡിവൈഎഫ്ഐ നേതാവ് സർക്കാരിനെതിരെ ശക്തമായ രാഷ്ട്രീയ വിമർശനം ഉയർത്തിയത്.