മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഭവത്തിൽ അറസ്റ്റിലായ ഡിസിസി അംഗം ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനം. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമ നടപടി. ഇന്ന് തന്നെ നടപടിയുണ്ടാകാനാണ് സാധ്യത.

സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ കെപിസിസി നേതൃത്വം ജില്ലാ നേതൃത്വത്തിന് നിർദേശം നൽകിയിട്ടുണ്ട്. ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ടാണ് ചേന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക കർത്തവ്യനിർവഹണം തടസ്സപ്പെടുത്തൽ, അന്യായമായി തടഞ്ഞുവെക്കൽ, അപമര്യാദയായി പെരുമാറൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കെ, പാർട്ടി അച്ചടക്കലംഘനം ഗൗരവമായി കാണുന്നുവെന്ന സൂചനയാണ് ചേന്തി അനിലിനെതിരായ നടപടിയിലൂടെ കോൺഗ്രസ് നേതൃത്വം നൽകുന്നത്.