ചതയദിന പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ വിമുഖത കാണിച്ചെന്ന ആരോപണത്തിൽ നിലപാട് കടുപ്പിച്ച് ഡിസിസി അംഗം ചേന്തി അനിൽ. പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ വാദം വസ്തുതാവിരുദ്ധമാണെന്ന് ചേന്തി അനിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കുമെന്ന പ്രതീക്ഷയിൽ പരിപാടിക്ക് മുൻദിവസം പോലും സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ സന്ദർശനം മുന്നിൽക്കണ്ടാണ് എല്ലാ ഒരുക്കങ്ങളും നടത്തിയതെന്നും ചേന്തി അനിൽ പറഞ്ഞു.

ഇതിനിടെ, ചതയദിന പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ ചോദ്യം ചെയ്യുന്ന തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയം സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായി നിലയം രക്ഷാധികാരിയായ ചേന്തി അനിൽ മുഖ്യമന്ത്രിയെ നേരിട്ട് സന്ദർശിച്ച് ക്ഷണിച്ചതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്.

ക്ഷണക്കത്തിനായി നടന്ന കൂടിക്കാഴ്ചയിൽ സാംസ്കാരിക നിലയത്തിന്റെ പ്രസിഡന്റ് ജേക്കബ് കെ. എബ്രഹാം, ട്രഷറർ കെ. സുരേന്ദ്രൻ നായർ എന്നിവരും പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിയെ നേരിൽ കണ്ട് ക്ഷണിച്ച സാഹചര്യത്തിൽ പരിപാടിയിലേക്ക് ക്ഷണം ലഭിച്ചില്ലെന്ന വാദം നിലനിൽക്കില്ലെന്നാണ് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നത്.

ചേന്തിയിലെ ശ്രീനാരായണ ഗുരു ജയന്തി സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നതിനെ തുടർന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ക്ഷണക്കവുമായി ബന്ധപ്പെട്ട വിവാദം കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.