നിയമസഭാ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സാമ്പത്തിക വിവരങ്ങൾ മറച്ചുവെച്ചെന്ന ആരോപണങ്ങൾ ശക്തമായി തള്ളി മുൻ മന്ത്രിയും ബേപ്പൂർ എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസ്. തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയിലോ സത്യവാങ്മൂലത്തിലോ ഒരു വിവരവും മറച്ചുവെച്ചിട്ടില്ലെന്നും സമർപ്പിച്ച എല്ലാ രേഖകളും പൊതുരേഖകളായി ആർക്കും പരിശോധിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
തന്നെയും ഭാര്യ വീണ വിജയനെയും നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ കോടതി നിർദേശിച്ചെന്ന മാധ്യമ റിപ്പോർട്ടുകളോട് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റിയാസിന്റെ പ്രതികരണം. നാമനിർദ്ദേശ പത്രികയിൽ വിവരങ്ങൾ മറച്ചുവെച്ചുവെന്നാരോപിച്ച് സമർപ്പിച്ച സ്വകാര്യ പരാതി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി 2026 മെയ് 16-ന് തന്നെ പൂർണമായും തള്ളിയതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്ന് പരാതി തള്ളിയ കോടതി ഉത്തരവ് വാർത്തയാക്കാത്ത മാധ്യമങ്ങൾ, ഇപ്പോഴത്തെ നടപടിക്രമം വലിയ വിവാദമായി അവതരിപ്പിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ ഹർജിക്കാരൻ തിരുവനന്തപുരം സെഷൻസ് കോടതിയിൽ റിവിഷൻ ഹർജി നൽകിയിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും റിയാസ് പറഞ്ഞു.
റിവിഷൻ ഹർജി പരിഗണിക്കുമ്പോൾ എതിർകക്ഷികൾക്ക് നോട്ടീസ് നൽകുന്നത് സാധാരണ കോടതി നടപടിക്രമം മാത്രമാണെന്നും, അത്തരമൊരു നോട്ടീസ് നൽകാൻ കോടതി നിർദേശിച്ചുവെന്നാണ് വാർത്തകളിൽ നിന്ന് അറിയാൻ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇതുവരെ തങ്ങൾക്കോ ഭാര്യയ്ക്കോ അത്തരമൊരു നോട്ടീസ് ലഭിച്ചിട്ടില്ലെന്നും റിയാസ് കൂട്ടിച്ചേർത്തു.
അടിസ്ഥാനരഹിതമായ ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പ്രചരിപ്പിക്കുകയാണെന്നും, സത്യാവസ്ഥ കോടതിയിലും പൊതുസമൂഹത്തിനുമുന്നിലും വ്യക്തമാണെന്നും അദ്ദേഹം പ്രതികരിച്ചു. തെരഞ്ഞെടുപ്പ് രേഖകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നിയമാനുസൃതമായി സമർപ്പിച്ചതാണെന്നും ഇക്കാര്യത്തിൽ ആശയക്കുഴപ്പത്തിന് ഇടയില്ലെന്നും റിയാസ് വ്യക്തമാക്കി.
