ഇ.ഡി ഉയർത്തുന്ന ആരോപണങ്ങൾ ബോധപൂർവം തയ്യാറാക്കിയ രാഷ്ട്രീയ തിരക്കഥയുടെ ഭാഗമാണെന്നും കള്ളപ്പണ ഇടപാടുകളെക്കുറിച്ചുള്ള പ്രചാരണങ്ങൾ തികച്ചും വ്യാജമാണെന്നും സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വീണ വിജയനെ മൂന്ന് തവണ ഇ.ഡി ചോദ്യം ചെയ്തിട്ടും ഹവാല ഇടപാടുകളെക്കുറിച്ച് ഒരു ചോദ്യം പോലും അന്വേഷണ ഏജൻസിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് റിയാസ് പറഞ്ഞു. മൊഴിപ്പകർപ്പുകൾ കൈവശമുണ്ടായിരിക്കെ ചില വിവരങ്ങൾ മാത്രം പുറത്തുവിടുന്നത് വ്യക്തിഹത്യക്കും പ്രതിച്ഛായ തകർക്കാനുമുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.
സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി സമാപിക്കുന്ന ദിവസം തന്നെ ഇത്തരം വാർത്തകൾ പുറത്തുവന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് റിയാസ് പറഞ്ഞു. ‘നമ്മൾ ബേപ്പൂർ’ കൂട്ടായ്മയെയും ഭാവിയിലെ ബിസിനസ് സംരംഭങ്ങളെയും ചേർത്ത് പുതിയ കഥകൾ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
കേന്ദ്ര അന്വേഷണ ഏജൻസികളുടെ നീക്കങ്ങളെ നിയമപരമായി നേരിടുമെന്നും ഒരു തരത്തിലും ഭയപ്പെടുന്നില്ലെന്നും റിയാസ് വ്യക്തമാക്കി. രേഖകളിൽ ഒപ്പുവെച്ചത് അതിലെ എല്ലാ ആരോപണങ്ങളും അംഗീകരിച്ചതായി വ്യാഖ്യാനിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വീണ വിജയൻ ബിസിനസ് പ്രവർത്തനങ്ങളെക്കുറിച്ച് നൽകിയ മുഴുവൻ മൊഴിയും പുറത്തുവിടാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കരിവാരിത്തേക്കാനുള്ള ശ്രമങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും തള്ളിക്കളയുമെന്നും റിയാസ് പറഞ്ഞു. എല്ലാ ആരോപണങ്ങൾക്കും മറുപടി പറയേണ്ടതില്ലെന്നാണ് നിയമോപദേശമെങ്കിലും ജനങ്ങൾക്ക് മുന്നിൽ സത്യം അവതരിപ്പിക്കേണ്ട ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "മഞ്ഞയില വീഴുമ്പോൾ പച്ചില ചിരിക്കേണ്ട" എന്ന ഓർമ്മപ്പെടുത്തലും അദ്ദേഹം നടത്തി. സത്യം ഒടുവിൽ പുറത്തുവരുമെന്ന കാര്യത്തിൽ നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്നും റിയാസ് പറഞ്ഞു.
