സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഇപ്പോഴും തുടരുകയാണെന്ന് വ്യക്തമാക്കി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഹിമാചൽ പ്രദേശ് സർക്കാർ വാഗ്ദാനം ചെയ്ത 250 മെഗാവാട്ട് വൈദ്യുതി ലഭിച്ചാലും നിലവിലെ പ്രതിസന്ധിക്ക് കാര്യമായ ആശ്വാസമുണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു.
ഹിമാചൽ പ്രദേശിൽ നിന്ന് ലഭിക്കുന്ന അധിക വൈദ്യുതി പകൽ സമയത്താണ് ലഭിക്കുക. എന്നാൽ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതലാകുന്നത് രാത്രിയിലായതിനാൽ ഈ വൈദ്യുതി നിലവിലെ ക്ഷാമം പരിഹരിക്കാൻ പര്യാപ്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാത്രികാല ആവശ്യകത നിറവേറ്റുന്നതിനുള്ള വൈദ്യുതി ലഭ്യമാക്കുകയാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം ഉൾപ്പെടെയുള്ള നിലവിലെ നടപടികൾ തുടരുമെന്നും പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, റിപ്പോർട്ടർ ടിവി ഓഫീസിൽ നടന്ന പൊലീസ് പരിശോധനയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പ്രതികരണമാണ് സർക്കാരിന്റെ നിലപാടെന്നും അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
