പശ്ചിമ ബംഗാളിലെ വെസ്റ്റ് മിഡ്‌നാപൂർ ജില്ലയിലെ ചന്ദ്രകോണ റോഡിൽ സിപിഐഎം ഓഫീസ് ബിജെപി പ്രവർത്തകർ ആക്രമിച്ച് കൊള്ളയടിക്കുകയും തീയിടുകയും ചെയ്തതായി സിപിഐഎം ആരോപിച്ചു. പ്രദേശത്ത് രാഷ്ട്രീയ സംഘർഷം നിലനിൽക്കുന്നതിനിടെയാണ് സംഭവം.
ഒരു സംഘം ബിജെപി പ്രവർത്തകർ പാർട്ടി ഓഫീസിലെത്തി ആക്രമണം നടത്തുകയും രേഖകൾ ഉൾപ്പെടെയുള്ളവ പുറത്തേക്ക് വലിച്ചെറിയുകയും ഓഫീസ് കൊള്ളയടിച്ച ശേഷം തീയിടുകയുമായിരുന്നുവെന്നാണ് സിപിഐഎം ആരോപണം. എന്നാൽ, സംഭവത്തിൽ തങ്ങളുടെ പാർട്ടി പ്രവർത്തകർക്ക് പങ്കില്ലെന്ന് പ്രാദേശിക ബിജെപി നേതൃത്വം വ്യക്തമാക്കി.
വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണം (SIR) സംബന്ധിച്ച വിഷയങ്ങൾ, അവശ്യവസ്തുക്കളുടെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വിലവർധന, അന്നപൂർണ്ണ ഭണ്ഡാർ സാമൂഹിക സുരക്ഷാ പദ്ധതിയിൽ എല്ലാ സ്ത്രീകളെയും ഉൾപ്പെടുത്തണമെന്ന ആവശ്യം എന്നിവ ഉന്നയിച്ച് സിപിഐഎം ചന്ദ്രകോണ റോഡിൽ റാലിയും ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി ഓഫീസ് ആക്രമിക്കപ്പെട്ടതെന്നാണ് സിപിഐഎം പറയുന്നത്.
സിപിഐഎം വെസ്റ്റ് മിഡ്‌നാപൂർ ജില്ലാ സെക്രട്ടറി ബിജോയ് പാൽ, മുൻ ജില്ലാ സെക്രട്ടറി സുശാന്ത ഘോഷ്, സംസ്ഥാന കമ്മിറ്റി അംഗം ശതരൂപ് ഘോഷ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഘോഷയാത്ര ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ ബിജെപി പ്രവർത്തകർ ഓഫീസിന് നേരെ ആക്രമണം നടത്തിയെന്നും പിന്നീട് തീയിട്ടെന്നുമാണ് സിപിഐഎം ആരോപിച്ചത്.
ഗാർബെറ്റ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായാണ് വിവരം.
വെസ്റ്റ് മിഡ്‌നാപൂർ ജില്ലയിലെ ഖരഗ്‌പൂർ ഗ്രാമപ്രദേശിലെ മദ്‌പൂരിൽ സിപിഐഎം സംഘടിപ്പിച്ച മറ്റൊരു പരിപാടിക്കിടെയും ബിജെപി പ്രവർത്തകർ ആക്രമണം നടത്തിയതായി സിപിഐഎം ആരോപിച്ചു. ഈ ആരോപണത്തിലും ബിജെപിയുടെ പ്രതികരണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.
