തൊഴിലാളി വിരുദ്ധ നയങ്ങൾക്കും കരാർ തൊഴിലാളിവൽക്കരണത്തിനുമെതിരെ ഡിസംബർ ഒന്നിന് പാർലമെന്റ് മാർച്ച് സംഘടിപ്പിക്കുമെന്ന് സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം അറിയിച്ചു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള തൊഴിലാളികൾ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
തൊഴിലാളികൾ മുമ്പ് നടത്തിയ സമരങ്ങളെയും പ്രതിഷേധങ്ങളെയും അവഗണിച്ച് കേന്ദ്ര സർക്കാർ തൊഴിലാളി വിരുദ്ധ നടപടികളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് പുതിയ പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്ന് എളമരം കരീം പറഞ്ഞു.
ലേബർ കോഡുകൾ നടപ്പാക്കാനുള്ള നീക്കങ്ങൾ, തൊഴിലാളി സംഘടനകൾക്കെതിരായ കേന്ദ്ര നയങ്ങൾ, മിനിമം വേതന തത്വത്തെ ദുർബലപ്പെടുത്തുന്ന നടപടികൾ, കരാർ തൊഴിലാളിവൽക്കരണം വ്യാപിപ്പിക്കുന്ന നയങ്ങൾ എന്നിവയ്ക്കെതിരെയാണ് പ്രതിഷേധമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ ആവശ്യങ്ങൾ ഉന്നയിച്ച് ഡിസംബർ 1, 2 തീയതികളിൽ ദില്ലി കേന്ദ്രീകരിച്ച് വൻ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തൊഴിലാളികൾ അതിൽ അണിനിരക്കുമെന്നും സിഐടിയു നേതൃത്വം അറിയിച്ചു.
