തിരുവനന്തപുരം നഗരമധ്യത്തിലെ മൃഗശാല മാറ്റിസ്ഥാപിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തിനെതിരെ സിപിഎം നേതാവ് വി.കെ. പ്രശാന്ത് രംഗത്ത്. മൃഗശാലയും മ്യൂസിയവും പറിച്ചുനടാനുള്ള ശ്രമങ്ങൾക്ക് പിന്നിൽ വാണിജ്യ ലക്ഷ്യങ്ങളാണെന്നും, മുതലാളിമാർക്ക് സ്ഥലം മറിച്ചുനൽകാൻ നീക്കമുണ്ടോയെന്ന് സംശയിക്കേണ്ടിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

പ്രതിവർഷം 12 ലക്ഷത്തിലധികം സഞ്ചാരികളെത്തുന്നതും എട്ടുകോടി രൂപയോളം വരുമാനമുള്ളതുമായ ഈ പൈതൃക കേന്ദ്രം മാറ്റാനുള്ള തീരുമാനം ആരുമായി ആലോചിക്കാതെയാണ് എടുത്തത്. മൃഗങ്ങളിൽ നിന്ന് രോഗം പകരുമെന്ന മുഖ്യമന്ത്രിയുടെ വാദം കേട്ടുകേൾവിയില്ലാത്തതാണെന്നും, ഈ നീക്കത്തിനെതിരെ ഇടതുപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും പ്രശാന്ത് വ്യക്തമാക്കി. സ്വയം അഭിപ്രായം പറയുന്നതിന് പകരം മുഖ്യമന്ത്രി നേരിട്ടെത്തി മ്യൂസിയവും മൃഗശാലയും സന്ദർശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, നഗരമധ്യത്തിലെ മൃഗശാല മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയാണെന്നും, അവയ്ക്ക് സ്വാഭാവിക വാസസ്ഥലം ഒരുക്കുന്നതിനായി നെയ്യാർ പോലുള്ള വനമേഖലയിലേക്ക് മാറ്റണമെന്നുമായിരുന്നു ‘റീഇമാജിനിങ് കേരള’ പരിപാടിയിൽ മുഖ്യമന്ത്രിയുടെ നിർദേശം. മൃഗശാല മാറ്റിസ്ഥാപിച്ച് ആ സ്ഥലം മാഡിസൺ സ്‌ക്വയർ മാതൃകയിൽ മനോഹരമായ പൊതുസ്ഥലമാക്കി മാറ്റണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.