തിരുവനന്തപുരം
നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ തിരുവനന്തപുരം മൃഗശാല നഗരപരിധിക്ക് പുറത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ ഡിവൈഎഫ്ഐ. മൃഗശാല മാറ്റുന്നതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പ്രസ്താവന ആശങ്കാജനകമാണെന്ന് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
തലസ്ഥാന നഗരത്തിന്റെ പൈതൃകത്തിന്റെയും സാംസ്കാരിക ജീവിതത്തിന്റെയും ഭാഗമായ മൃഗശാല നിലവിലെ സ്ഥലത്തുനിന്ന് മാറ്റാനുള്ള ഏതൊരു നീക്കത്തോടും ശക്തമായ വിയോജിപ്പുണ്ടെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.
1859ൽ സ്ഥാപിതമായ തിരുവനന്തപുരം മൃഗശാല ഒന്നര നൂറ്റാണ്ടിലേറെയായി നഗരത്തിന്റെ ചരിത്രത്തോടും ജനജീവിതത്തോടും ഇഴചേർന്ന സ്ഥാപനമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ സാധാരണക്കാർക്കും വിദ്യാർഥികൾക്കും കുട്ടികൾക്കും കുടുംബങ്ങൾക്കും കുറഞ്ഞ ചെലവിൽ എളുപ്പത്തിൽ എത്തിച്ചേരാവുന്ന പ്രധാന വിനോദ-വിജ്ഞാന കേന്ദ്രം കൂടിയാണിത്.
മൃഗശാല നെയ്യാർ, പാലോട് തുടങ്ങിയ നഗരത്തിൽനിന്ന് അകലെയുള്ള പ്രദേശങ്ങളിലേക്ക് മാറ്റിയാൽ പൊതുഗതാഗത സൗകര്യം, യാത്രാസമയം, അധിക യാത്രാച്ചെലവ് എന്നിവ സാധാരണ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഡിവൈഎഫ്ഐ അഭിപ്രായപ്പെട്ടു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കും കുട്ടികൾക്കും ഇത്തരം പൊതുസൗകര്യങ്ങളിലേക്കുള്ള പ്രവേശനം പരിമിതപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും സംഘടന പറഞ്ഞു.
തിരുവനന്തപുരം നഗരത്തിലെ പ്രധാന ടൂറിസം ആകർഷണങ്ങളിലൊന്നാണ് മൃഗശാലയെന്നും ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി. മ്യൂസിയവും മൃഗശാലയും ഉൾപ്പെടുന്ന പൈതൃകമേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ചെറുകിട വ്യാപാരികൾ, ഓട്ടോ-ടാക്സി തൊഴിലാളികൾ തുടങ്ങിയ നിരവധി വിഭാഗങ്ങളുണ്ടെന്നും മൃഗശാല മാറ്റുന്നത് ഇവരുടെ ഉപജീവനത്തെയും നഗരത്തിലെ ടൂറിസം സമ്പദ്‌വ്യവസ്ഥയെയും ബാധിക്കാനുള്ള സാധ്യത പരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
നിലവിലുള്ള മൃഗശാലയുടെ സൗകര്യങ്ങൾ കൂടുതൽ ശാസ്ത്രീയമായി വികസിപ്പിക്കുകയും മൃഗങ്ങൾക്ക് മെച്ചപ്പെട്ട ആവാസവ്യവസ്ഥയും സന്ദർശകർക്ക് കൂടുതൽ സൗകര്യങ്ങളും ഒരുക്കുകയുമാണ് വേണ്ടതെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി. വികസനത്തിന്റെ പേരിൽ തലസ്ഥാന നഗരത്തിന്റെ ചരിത്രപരവും ജനകീയവുമായ സ്ഥാപനങ്ങളെ നഗരത്തിന് പുറത്തേക്ക് മാറ്റുന്നത് പരിഹാരമല്ലെന്നും സംഘടന പറഞ്ഞു.
മൃഗശാല മാറ്റുന്നതിനെതിരെ തലസ്ഥാനവാസികളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും ഉയരുന്ന ആശങ്കകൾ സർക്കാർ ഗൗരവമായി പരിഗണിക്കണം. ജനങ്ങളുടെ അഭിപ്രായം കേൾക്കാതെയും വിശദമായ പൊതുചർച്ച നടത്താതെയും ഇത്തരമൊരു സുപ്രധാന തീരുമാനം എടുക്കരുതെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
തിരുവനന്തപുരം മൃഗശാല നിലവിലുള്ള സ്ഥലത്ത് തന്നെ സംരക്ഷിക്കുകയും ആധുനികവത്കരിക്കുകയും വേണമെന്നും നഗരപരിധിക്ക് പുറത്തേക്ക് മാറ്റാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മൃഗശാല മാറ്റൽ നീക്കം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ
