കറ്റാനം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ശ്രീലകം ഫിനാൻസ് തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതികളിലൊരാളും യുവമോർച്ച ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറിയുമായ രാഹുൽ രാധാകൃഷ്ണൻ പൊലീസിന് മുന്നിൽ കീഴടങ്ങി. ദിവസങ്ങളായി ഒളിവിലായിരുന്ന പ്രതിയെ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും.
കേസുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമ രാധാകൃഷ്ണപിള്ളയെയും മാനേജർ ടിനു തമ്പാനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളിൽ നിന്ന് സ്വർണം പണയമായി സ്വീകരിച്ച ശേഷമാണ് തട്ടിപ്പ് നടന്നതെന്നാണ് പരാതി.
പിന്നീട് പണം തിരിച്ചടച്ച് സ്വർണം വാങ്ങാനെത്തിയ ഉപഭോക്താക്കൾക്ക് സ്വർണം സ്ഥാപനത്തിൽ ഇല്ലെന്ന വിവരം ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. സംഭവത്തിൽ സ്ഥാപനത്തിനെതിരെ ഇതിനോടകം നൂറിലധികം പരാതികളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.
തട്ടിപ്പിന്റെ വ്യാപ്തിയും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
