അഡ്വ. കെ.എസ്. അരുണ്‍കുമാറിനെതിരായ പൊലീസ് കേസിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. ഭരണാധികാരികളുടെ അനുചിതമായ നടപടികളെ ചോദ്യം ചെയ്യാനും മാധ്യമങ്ങളുടെ ഇരട്ടത്താപ്പുകൾ തുറന്നുകാട്ടാനും ഓരോ പൗരനും ഭരണഘടനാപരമായ അവകാശമുണ്ടെന്ന് പി. ജയരാജൻ പറഞ്ഞു.

ഇത്തരം വിമർശനങ്ങളുടെ പേരിൽ കലാപാഹ്വാനം, മാനനഷ്ടം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുക്കുന്നത് അധികാര ദുർവിനിയോഗമാണെന്നും അദ്ദേഹം ആരോപിച്ചു. ജനാധിപത്യത്തിൽ വിമർശനങ്ങളും ചോദ്യങ്ങളും സ്വാഭാവികമാണെന്നും പി. ജയരാജൻ പറഞ്ഞു.

ഒരു ചോദ്യം ചോദിച്ചതിന്റെ പേരിൽ പൊലീസിനെ ഉപയോഗിച്ച് വിമർശകരുടെ വായടപ്പിക്കാൻ ശ്രമിക്കുന്നത് ഭരണകൂടത്തിന്റെ അസഹിഷ്ണുതയാണ് പ്രകടമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അഭിപ്രായസ്വാതന്ത്ര്യത്തെയും വിയോജിക്കാനുള്ള അവകാശത്തെയും തടയാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാകില്ലെന്നും പി. ജയരാജൻ വ്യക്തമാക്കി.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരിൽ അരുണ്‍കുമാറിനെ പ്രതിയാക്കുകയാണെങ്കിൽ, ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പൊലീസിന് മാത്രമായി സമയം ചെലവഴിക്കേണ്ടിവരുമെന്നും അദ്ദേഹം പരിഹസിച്ചു.

ചോദ്യങ്ങൾ ചോദിക്കുന്നവരെ കേസുകൾ ചൂണ്ടിക്കാട്ടി ഭയപ്പെടുത്താമെന്നത് വിലകുറഞ്ഞ വ്യാമോഹമാണെന്നും പി. ജയരാജൻ പറഞ്ഞു.