മുന്നോട്ടുവെക്കുന്നത് പുതിയൊരു കേരളത്തെ സൃഷ്ടിക്കുന്നതിനുളള പദ്ധതി

തിരുവനന്തപുരം : തകര്‍ന്ന കേരളത്തെ അതിനു മുമ്പുളള അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കുകയല്ല ലക്ഷ്യം. പുതിയൊരു കേരളത്തെ സൃഷ്ടിക്കുന്നതിനുളള പദ്ധതിയാണ് തയ്യാറാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയദുരന്തം നേരിട്ട ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനും അവരെ പുനരധിവസിപ്പിക്കാനും കേരളത്തെ പുനര്‍നിര്‍മ്മിക്കാനും അനുയോജ്യമായ ബൃഹദ്പദ്ധതി തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഈ മാസം 30ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യും.

പൊതുമേഖല ബാങ്കുകള്‍ പ്രഖ്യാപിച്ച പോലെ വായ്പ മോറട്ടോറിയം നല്‍കുന്നതിന് സ്വകാര്യ ബാങ്കുകളും തയ്യാറാകണം. ദുരിതാശ്വാസ ക്യാംപുകളില്‍ പോയി കുടിശിക പിരിവ് വേണ്ട. വായ്പകള്‍ക്ക് സാവകാശം അനുവദിക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ തയ്യാറാകണം. പുതിയ കേരളം സൃഷ്ടിക്കണം. ഇതിനായി കമ്പോളത്തില്‍ നിന്ന് വായ്പ എടുത്തണം. വായ്പാ പരിധിയുയര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. ദുരിതാശ്വാസത്തിന് പ്രത്യേക പദ്ധതി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും. തൊഴിലുറപ്പ് പദ്ധതിക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം. നബാര്‍ഡിന്റെ സഹായവും തേടും.

പശ്ചാത്തല സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും കൃഷിയിലും ജലസേചനം ഉള്‍പ്പെടെയുള്ള അനുബന്ധമേഖലകളിലും സാമൂഹ്യമേഖലയിലും ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കുന്നതിനും പ്രത്യേക പദ്ധതി നടപ്പാക്കണമെന്ന് നബാര്‍ഡിനോട് ആവശ്യപ്പെടും. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് കേരളത്തിന് പ്രത്യേക പാക്കേജ് വേണം. മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതിക്ക് ഈ വര്‍ഷം 2,600 കോടി രൂപയുടെ പ്രത്യേക പാക്കേജ് വേണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു.

ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍ പല സഹായങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. യു.എ.ഇ സര്‍ക്കാര്‍ സഹായിക്കാന്‍ തയ്യാറാണെന്നും അക്കാര്യം പ്രധാനമന്ത്രിയെ അറിയിക്കുകയും ചെയ്തു. കേരളത്തിന് 700 കോടി രൂപയുടെ സഹായമാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ യു.എ.ഇ സര്‍ക്കാരിനോടും ഭരണാധികാരികളോടും നന്ദി അറിയിക്കുന്നു. മലയാളി വ്യവസായി എം.എ യൂസഫലി വഴിയാണ് ഈ സഹായ വാഗ്ദാനം യു.എ.ഇ സര്‍ക്കാര്‍ അറിയിച്ചത്. പ്രളയക്കെടുതി വിലയിരുത്താനുള്ള സര്‍വ്വകക്ഷിയോഗം വൈകിട്ട് ചേരുന്നുണ്ട്.

21-Aug-2018