ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കി ഫൈനലില്‍ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം. ഫൈനല്‍ പോരാട്ടത്തില്‍ ജപ്പാനോട് 2 - 1 നു പരാജയപ്പെട്ടാണ് ഇന്ത്യയ്ക്ക് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. 11ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ജപ്പാന്‍ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 25ാം മിനിറ്റില്‍ ഇന്ത്യന്‍ വനിതകള്‍ ആദ്യ ഗോളിനു മറുപടി നല്‍കുകയും ചെയ്തു.
നവനീതിന്റെ പാസില്‍ നിന്ന് നേഹ ഗോയലാണ് സ്വര്‍ണ്ണപ്പോരാട്ടത്തിന്റെ ആദ്യ പകുതി 1 -1 സമനിലയില്‍ പിടിച്ചത്. എന്നാല്‍ 44ാം മിനിറ്റില്‍ ജപ്പാന്‍ ഉയര്‍ത്തിയ ലീഡ് ഭേദിക്കാന്‍ ഇന്ത്യന്‍ വനിതകള്‍ക്കായില്ല. മിനാമി ഷിമിസു, മേട്ടോമി കവമുറ എന്നിവരാണ് ജപ്പാനുവേണ്ടി ഗോള്‍ നേടിയത്. ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ജപ്പാന്റെ ആദ്യ സ്വര്‍ണ്ണമാണ്. ചൈനയെ ഏകപക്ഷീയമായ ഒരു ഗോളിനു തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ ഫൈനലിലെത്തിയത്. കഴിഞ്ഞ ഗെയിംസില്‍ വെങ്കലവുമായാണ് വനിതകള്‍ മടങ്ങിയത്. 20 വര്‍ഷത്തിനു ശേഷമാണ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനല്‍ കളിക്കുന്നത്. 1982 ലെ ഡല്‍ഹി ഗെയിംസിലാണ് ഇന്ത്യ അവസാനം വനിതാ ഹോക്കി സ്വര്‍ണ്ണം നേടിയത്. 1998 ലാണ് വനിതാ ടീം അവസാനമായി ഫൈനലില്‍ കളിച്ചത്. ഇതോടെ 13 സ്വര്‍ണ്ണവും 23 വെള്ളിയും 28 വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയുടെ മെഡല്‍നേട്ടം 65 ആയി. ഏഷ്യന്‍ ഗെയിംസിലെ ആകെ മെഡല്‍നേട്ടത്തില്‍ ഇന്ത്യ റെക്കോര്‍ഡിനൊപ്പമെത്തി.
അതേസമയം, പുരുഷ ഹോക്കി സെമിയില്‍ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ടിരുന്നു. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ മലേഷ്യയോട് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് തോറ്റത്. മുഴുവന്‍ സമയത്ത് ഇരു ടീമുകളും രണ്ടു വീതം നേടി സമനിലയിലായതോടെ മത്സരം പെനാല്‍റ്റിയിലേക്കും പിന്നാലെ പെനാല്‍റ്റി ഷുട്ടൗട്ടിലേക്കും നീങ്ങുകയായിരുന്നു. വെങ്കലത്തിനായി ശനിയാഴ്ച പുരുഷ ടീം പോരാടും.