ഇന്ധന വിലവര്‍ധനവിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം : കോടിയേരി

തിരുവനന്തപുരം : തുടര്‍ച്ചയായി ഒന്‍പതാം ദിവസവും പെട്രോളിനും ഡീസലിനും വില കുത്തനെ കൂട്ടിയ നടപടി ജനങ്ങള്‍ക്ക് താങ്ങാനാകാത്ത ഭാരമാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

പെട്രോളിനും പെട്രോളിയം ഉത്പന്നങ്ങള്‍ക്കും ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്ക് ഇന്ത്യയില്‍ കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയത് !

ഇപ്പോഴിതാ തുടര്‍ച്ചയായി ഒന്‍പതാം ദിവസവും പെട്രോളിനും ഡീസലിനും വില കുത്തനെ കൂട്ടിയിരിക്കുന്നു. ഇത് ജനങ്ങള്‍ക്ക് താങ്ങാനാകാത്ത ഭാരമാണ്.

പാചകവാതകത്തിനും അന്യായമായി വിലകൂട്ടി. വീട്ടാവാശ്യത്തിനുള്ള സിലിണ്ടറിന് 30 രൂപയും വാണിജ്യാവശ്യത്തിനുള്ളതിന് 40 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. ഒന്നരമാസത്തിനുള്ളില്‍ ഡീസല്‍ ലിറ്ററിന് മൂന്നര രൂപയും, പെട്രോളിന് 3 രൂപ 30 പൈസയുമാണ് കുത്തനെ ഉയര്‍ന്നത്.

ഈ വിലവര്‍ദ്ധനവ് പ്രളയ ദുരന്തത്തിലകപ്പെട്ട കേരള ജനതയ്ക്ക് ഇരുട്ടടിയാണ്.

സ്വകാര്യ കമ്പനികളെ സഹായിക്കുന്നതിന് ജനങ്ങളെ കണ്ണീരു കുടിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ജനവിരുദ്ധ നയങ്ങള്‍ തീമഴപോലെ വര്‍ഷിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരണം.

01-Sep-2018