രാഹുലിനെതിരെ വിദേശത്തുള്ള യുവതിയുടെ മൊഴി എംബസി വഴി രേഖപ്പെടുത്താൻ നീക്കം

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിലേക്ക് നയിച്ച മൂന്നാമത്തെ പീഡന പരാതിയില്‍ അന്വേഷണ സംഘം നിര്‍ണായക നടപടിയിലേക്ക് നീങ്ങുന്നു. നിലവില്‍ വിദേശത്തുള്ള പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ രേഖപ്പെടുത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) തീരുമാനം. ഇതിന് ആവശ്യമായ അനുമതി തേടി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. കഴിഞ്ഞ ദിവസം എസ്.പി പൂങ്കുഴലി പരാതിക്കാരിയുമായി ഫോണില്‍ ബന്ധപ്പെട്ട് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

ഇതിനിടെ, പാലക്കാട്ടെ ഹോട്ടല്‍ മുറിയില്‍ നിന്ന് പിടിച്ചെടുത്ത രാഹുലിന്റെ രണ്ട് മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ രീതിയില്‍ തുറക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതുവരെ ഫോണുകളുടെ പാസ്‌വേഡ് നല്‍കാന്‍ രാഹുല്‍ തയ്യാറായിട്ടില്ല. ഫോണിലുള്ള ഡാറ്റ പകർത്തുന്നതിനായി രണ്ട് ടെറാബൈറ്റ് (2 TB) ശേഷിയുള്ള ഹാര്‍ഡ് ഡിസ്കുകള്‍ പൊലീസ് വാങ്ങിയിട്ടുണ്ട്.

തനിക്ക് അനുകൂലമായ തെളിവുകള്‍ ഫോണിലുണ്ടെന്നും അവ പൊലീസ് നശിപ്പിക്കുമെന്നുമാണ് രാഹുലിന്റെ വാദം. അതേസമയം, ലാപ്ടോപ്പ് എവിടെയാണെന്ന അന്വേഷണ സംഘത്തിന്റെ ചോദ്യത്തോടും രാഹുല്‍ സഹകരിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.

14-Jan-2026