പത്ത് വർഷത്തിനുള്ളിൽ ‘ന്യൂ നോർമൽ കേരളം’ കെട്ടിപ്പടുത്തു: ധനമന്ത്രി കെഎൻ ബാലഗോപാൽ
അഡ്മിൻ
കഴിഞ്ഞ പത്ത് വർഷത്തിനിടെ ‘ന്യൂ നോർമൽ കേരളം’ എന്ന വികസന മാതൃക കെട്ടിപ്പടുക്കാൻ സർക്കാരിനായെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ഏറെ ആത്മവിശ്വാസത്തോടെയാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്നും ഇതുവരെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം നടപ്പിലാക്കാൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ വികസന, ക്ഷേമ പദ്ധതികൾ ആർക്കും പരിശോധിക്കാവുന്നതാണെന്നും സംസ്ഥാനത്തിന്റെ കടം നിലവിൽ സുരക്ഷിതമായ പരിധിയിലാണെന്നും മന്ത്രി സഭയെ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ കടുത്ത അവഗണനയ്ക്കിടയിലും വികസന പ്രവർത്തനങ്ങളിൽ കുറവു വരുത്താതെ സംസ്ഥാനം പിടിച്ചുനിന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. നികുതി വിഹിതം വെട്ടിക്കുറച്ചും വായ്പാ പരിധി കുറച്ചും സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവർന്നെടുക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തെ തകർക്കാൻ വർഗീയ ശക്തികൾ തക്കം പാർത്തിരിക്കുകയാണെന്നും ഇത്തരം മതരാഷ്ട്ര വാദികളെ ഫലപ്രദമായി പ്രതിരോധിച്ചുകൊണ്ടാണ് കേരളം മുന്നോട്ട് പോകുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.