അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് ഇനി പുതിയ നേതൃത്വം

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷനിന് (എഐഡബ്ല്യുഡിഎ) പുതിയ നേതൃത്വം തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ ജനറൽ സെക്രട്ടറിയായി കൊനിനിക ഘോഷ് ബോസിനെയും പ്രസിഡന്റായി പി.കെ. ശ്രീമതിയെയും തെരഞ്ഞെടുത്തു. ട്രഷററായി തപസി പ്രഹരാജിനെയാണ് തെരഞ്ഞെടുക്കിയത്. 26 സംസ്ഥാനങ്ങളിൽ നിന്നുള്ള 109 അംഗങ്ങളും അഞ്ച് മുതിർന്ന നേതാക്കളും ഉൾപ്പെടുന്ന കേന്ദ്ര കമ്മിറ്റിയെയും, 36 അംഗങ്ങളടങ്ങുന്ന സെക്രട്ടറിയേറ്റിനെയും സമ്മേളനം തെരഞ്ഞെടുത്തു.

തെലങ്കാനയിൽ നാല് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ വിവിധ ദേശീയ–അന്തർദേശീയ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തു. സാധാരണ സ്ത്രീകളെ ലക്ഷ്യമിട്ട് മതപരമായ ആഘോഷങ്ങളിലൂടെയും അന്ധവിശ്വാസങ്ങൾ പ്രചരിപ്പിച്ചും വർഗീയ ധ്രുവീകരണം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഹിന്ദുത്വ കോർപ്പറേറ്റ് ശക്തികളെ ചെറുക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. ആകെ 19 പ്രമേയങ്ങൾ സമ്മേളനം ഐകകണ്ഠേന അംഗീകരിച്ചു.

സാർവദേശീയ–ദേശീയ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ ബിച്ചു, പി.എം. ആതിര, ജിജി എന്നിവർ കേരളത്തിൽ നിന്ന് പങ്കെടുത്തു. പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ ട്രാൻസ്‌ജെൻഡർ പ്രതിനിധി ശ്യാമ എസ്. പ്രഭ, പി.വി. പ്രീത, ഷൈനി, ശ്രീജ ഷൈജുദേവ് എന്നിവരും പങ്കാളികളായി.

കേന്ദ്ര കമ്മിറ്റി അംഗങ്ങളായി കേരളത്തിൽ നിന്ന് കെ.കെ. ശൈലജ, പി.കെ. സൈനബ, പി. സതീദേവി, സൂസൻ കോടി, സി.എസ്. സുജാത, എൻ. സുകന്യ, കെ.എസ്. സലീഖ, അഡ്വ. എം.ജി. മീനാംബിക, അഡ്വ. കെ.പി. സുമതി, പ്രൊഫ. ആർ. ബിന്ദു, അഡ്വ. പുഷ്പ ദാസ്, ഇ. പത്മാവതി, കെ.കെ. ലതിക, ഗീന കുമാരി, പി.കെ. ശ്യാമള എന്നിവരെ തെരഞ്ഞെടുത്തു.

25 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രതിനിധികളായി 76 പേർ രണ്ട് കരട് റിപ്പോർട്ടുകളിലേക്കുള്ള ചർച്ചയിൽ പങ്കെടുത്തു. വിവിധ കമ്മീഷനുകളായി തയ്യാറാക്കിയ ഏഴ് റിപ്പോർട്ടുകൾ മൈമുന മൊല്ല, കീർതി സിങ്, റാംപരി, മഞ്ജീത് റാഥെ, അർച്ചന പ്രസാദ്, ആശാ ശർമ, പി. സതീദേവി എന്നിവർ അവതരിപ്പിച്ചു.

28-Jan-2026