വയനാട് ദുരന്തബാധിതരുടെ കടബാധ്യത സർക്കാർ ഏറ്റെടുക്കും

വയനാട് ദുരന്തബാധിതരുടെ കടബാധ്യത സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. 555 കുടുംബങ്ങളുടെ 1,620 വായ്‌പകൾ സർക്കാർ ഏറ്റെടുക്കുകയാണെന്ന് മന്ത്രി കെ. രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 18 കോടി 75 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാരിന്റെ ഏറ്റെടുക്കലായിരിക്കുക.

കേന്ദ്രം ഈ കടബാധ്യത എഴുതിത്തള്ളാൻ കഴിയില്ലെന്ന് കോടതിയിൽ നിലപാട് സ്വീകരിച്ചിരുന്നെങ്കിലും, അതിന് മുന്നിൽ കേരളം മുട്ട് മടക്കില്ലെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. 10 ലക്ഷം രൂപയ്ക്കും മുകളിലും താഴെയുമുള്ള കടങ്ങൾ ഈ സഹായത്തിൽ ഉൾപ്പെടുന്നു. ആറു മേഖലകളിലെ ദുരന്തബാധിതർക്കാണ് സഹായം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള ബാങ്ക് മുമ്പ് എഴുതിത്തള്ളിയ വായ്പകൾക്ക് പുറമേയാണിത് സഹായം നൽകുന്നതെന്നും, ഇതിന് ആവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നാണ് ലഭിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

28-Jan-2026