അഭ്യൂഹങ്ങൾക്ക് വിരാമം; മുന്നണി മാറ്റം തള്ളി ജോസ് കെ മാണി
അഡ്മിൻ
മുന്നണി മാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ തള്ളി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി രംഗത്തെത്തി. പാർട്ടി എൽഡിഎഫിനൊപ്പം തന്നെയാണെന്നും മുന്നണി മാറ്റത്തെക്കുറിച്ച് യാതൊരു ചർച്ചയും നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി, മുന്നണി മാറ്റം സംബന്ധിച്ച ചർച്ചകൾ ആരാണ് നടത്തുന്നതെന്ന് ചോദിച്ച ജോസ് കെ. മാണി, പാർട്ടി ഒറ്റക്കെട്ടാണെന്നും ആഭ്യന്തര ഭിന്നതകളൊന്നുമില്ലെന്നും പറഞ്ഞു. കേരള കോൺഗ്രസ് (എം)യെ യുഡിഎഫിൽ നിന്ന് പുറത്താക്കിയത് കോൺഗ്രസാണെന്നും, അതിനാൽ ഞങ്ങളെക്കുറിച്ച് ഓർത്തു ആരും കരയേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തവും ഉറച്ചതുമാണെന്നും, എൽഡിഎഫിനൊപ്പം തുടരുന്നതിൽ യാതൊരു ആശയക്കുഴപ്പവും ഇല്ലെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു. മുന്നണി മാറ്റവുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പാർട്ടിയുടെ ഐക്യം തകർക്കാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.