രാഹുലിനെതിരെ പുറത്തുനിന്ന് വരുന്ന പരാതികളിൽ നടപടി എടുക്കാൻ സാധിക്കില്ല: സ്പീക്കർ എ എൻ ഷംസീർ

ബലാത്സംഗക്കേസിൽ പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയോഗ്യനാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ, നിയമസഭയ്ക്കകത്തെ അംഗങ്ങൾ പരാതി നൽകുന്ന പക്ഷം അത് എത്തിക്‌സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റിക്ക് കൈമാറുമെന്ന് സ്പീക്കർ എ. എൻ. ഷംസീർ അറിയിച്ചു. പുറത്തുനിന്ന് ലഭിക്കുന്ന പരാതികളിൽ നടപടി സ്വീകരിക്കാൻ സാധിക്കില്ലെന്നും, സൂക്ഷ്മത ആവശ്യമായ വിഷയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് സ്പീക്കറുടെ പ്രതികരണം.

ഇത്തരത്തിലുള്ള വിഷയങ്ങളിൽ നിയമസഭയ്ക്ക് മുൻകാല അനുഭവമില്ലെന്നും, മുമ്പ് ഒരു എംഎൽഎക്കെതിരെയും ഇതുപോലുള്ള പരാതി ഉയർന്നിട്ടില്ലെന്നും ഷംസീർ പറഞ്ഞു. എത്തിക്‌സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സ്പീക്കറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുലുമായി ബന്ധപ്പെട്ട വിഷയങ്ങൾ നിയമസഭയുടെ അന്തസ്സിന് ഇതുവരെ കളങ്കം വരുത്തിയിട്ടില്ലെന്നും, സ്ത്രീകളെ ബഹുമാനിക്കാൻ സമൂഹം ആദ്യം പഠിക്കേണ്ടതുണ്ടെന്നും ഷംസീർ പറഞ്ഞു. ഒരു കൊട്ടയിലെ ഒരു മാങ്ങ പാഴായതിനാൽ മുഴുവൻ മാങ്ങയും പാഴാണെന്ന് പറയാൻ കഴിയില്ലെന്നും, ഇത്തരത്തിലുള്ള പ്രവൃത്തികൾ ചെയ്യുന്നവരെ സമൂഹം ബഹിഷ്കരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എംഎൽഎ സ്ഥാനം രാജിവെയ്ക്കണമോ എന്നത് അതത് വ്യക്തി തന്നെ തീരുമാനിക്കേണ്ട കാര്യമാണെന്നും സ്പീക്കർ വ്യക്തമാക്കി.

അതേസമയം, ബലാത്സംഗക്കേസിൽ ജാമ്യം ലഭിച്ചാൽ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തുമോയെന്ന ചോദ്യത്തിന്, അത് ബന്ധപ്പെട്ട പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു സ്പീക്കറുടെ മറുപടി.

14-Jan-2026