അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മഹിളാ കോൺഗ്രസ് നേതാവ് അറസ്റ്റിൽ
അഡ്മിൻ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ബലാത്സംഗക്കേസിലെ അതിജീവിതയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ മഹിളാ കോൺഗ്രസ് നേതാവ് രജിത പുളിക്കൽ അറസ്റ്റിൽ. പത്തനംതിട്ട സൈബർ പൊലീസാണ് കോട്ടയത്തെ ബന്ധുവീട്ടിൽ നിന്ന് ഇവരെ പിടികൂടിയത്. അതിജീവിതയുടെ വ്യക്തിത്വം വെളിപ്പെടുത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ രജിത ഒളിവിലായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയുടെ സ്വകാര്യ വിവരങ്ങൾ പരസ്യമാക്കിയതിനാണ് രജിത പുളിക്കലിനെതിരെ നിയമനടപടി ഉണ്ടായത്. ഈ കേസിലെ ഒന്നാം പ്രതിയാണ് ഇവർ. സമാനമായ കേസിൽ നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നു.
കോൺഗ്രസ് അനുകൂല അഭിഭാഷക ദീപ ജോസഫ്, സന്ദീപ് വാര്യർ, രാഹുൽ ഈശ്വർ എന്നിവർ ഉൾപ്പെട്ട പ്രതിപ്പട്ടികയിലെ പ്രധാനിയാണ് രജിത. കോടതി വിധി മറികടന്നുകൊണ്ടുള്ള അധിക്ഷേപങ്ങൾ തുടർന്നതിനെത്തുടർന്നാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.