മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്ക് നൽകുന്ന 2024 ലെ ജെ.സി. ഡാനിയേൽ പുരസ്‌കാരത്തിന് പ്രശസ്ത നടി ശാരദയെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.
സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ഈ അവാർഡിന് അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും ഉൾപ്പെടും. 2026 ജനുവരി 25ന് തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം ശാരദയ്ക്ക് സമ്മാനിക്കും.
2017 ലെ ജെ.സി. ഡാനിയേൽ പുരസ്‌കാര ജേതാവ് ശ്രീകുമാരൻ തമ്പി ചെയർപേഴ്സനായും, നടി ഉർവശി, സംവിധായകൻ ബാലു കിരിയത്ത് എന്നിവർ അംഗങ്ങളായും, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് മെംബർ സെക്രട്ടറിയായുമുള്ള സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതി ലഭിക്കുന്ന 32-ാമത്തെ ചലച്ചിത്രപ്രതിഭയാണ് 80 കാരിയായ ശാരദ.
അഭിനേത്രിയെന്ന നിലയിൽ അസാധാരണ പ്രതിഭ തെളിയിച്ച ശാരദ, മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം രണ്ടു തവണ മലയാള സിനിമയ്ക്ക് നേടിത്തന്നതായി ജൂറി വിലയിരുത്തി. അറുപതുകൾ മുതൽ തുടർന്നുള്ള രണ്ട് പതിറ്റാണ്ടുകളിലെ മലയാളി സ്ത്രീയുടെ ജീവിതവും മാനസികാവസ്ഥകളും തിരശ്ശീലയിൽ അനശ്വരമാക്കാൻ ശാരദയ്ക്ക് കഴിഞ്ഞുവെന്നും ജൂറി അഭിപ്രായപ്പെട്ടു.
ആ കാലഘട്ടത്തിലെ സ്ത്രീകളുടെ സഹനങ്ങളും ദുരിതങ്ങളും നിയന്ത്രിതമായ ഭാവാവിഷ്‌കാരങ്ങളിലൂടെ അവതരിപ്പിച്ച ശാരദയ്ക്ക് 1968ൽ ‘തുലാഭാരം’ എന്ന ചിത്രത്തിലൂടെയാണ് ആദ്യ ദേശീയ പുരസ്‌കാരം ലഭിച്ചത്. തുടർന്ന് 1972ൽ അടൂർ ഗോപാലകൃഷ്ണന്റെ ‘സ്വയംവരം’ എന്ന ചിത്രത്തിലൂടെയും, 1977ൽ തെലുങ്ക് ചിത്രം ‘നിമജ്ജന’ത്തിലൂടെയും അവർ ദേശീയ അംഗീകാരം നേടി.