ചവിട്ടിപ്പുറത്താക്കിയ ഇടത്തേക്ക് ഇനിയില്ല: ജോസ് കെ മാണി
അഡ്മിൻ
മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന ചർച്ചകൾ അനാവശ്യമാണെന്നും യുഡിഎഫ് പ്രവേശനം അടഞ്ഞ അധ്യായമാണെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനോട് 13 സീറ്റുകൾ ആവശ്യപ്പെടാൻ കോട്ടയത്ത് ചേർന്ന പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചു.
യുഡിഎഫ് മുന്നണിയിൽ നിന്ന് ചവിട്ടിപ്പുറത്താക്കിയതാണ്. ഇറക്കിവിട്ട സ്ഥലത്തേക്ക് ഇനി കയറിപ്പോകേണ്ടതില്ല. വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് പറയുന്നതല്ലാതെ പ്രവേശനം സാധ്യമല്ല. എൽഡിഎഫിലേക്ക് വന്നപ്പോൾ ചേർത്തുപിടിച്ചത് പിണറായി വിജയനാണ്. യുഡിഎഫ് നേതാക്കളുമായി ചർച്ച നടത്തിയിട്ടില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.
കഴിഞ്ഞ തവണ മത്സരിച്ച 13 സീറ്റുകളിൽ നിന്ന് കുറ്റ്യാടി സീറ്റ് സിപിഎമ്മിൻ്റെ ആവശ്യപ്രകാരം വിട്ടുനൽകിയിരുന്നു. എന്നാൽ ഇത്തവണ കുറഞ്ഞത് 13 സീറ്റുകളെങ്കിലും വേണമെന്നും അതിൽ കൂടുതൽ സീറ്റുകൾ നേടാനുള്ള സാധ്യതകൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. സീറ്റ് ചർച്ചകൾക്കും സ്ഥാനാർഥി നിർണയത്തിനുമുള്ള പൂർണ ചുമതല പാർട്ടി ചെയർമാനെയാണ് ഏൽപ്പിച്ചിരിക്കുന്നത്.
കേരള കോൺഗ്രസ് എം പാർട്ടിയെ പ്രതിസന്ധിഘട്ടത്തിൽ ചേർത്തുപിടിച്ചത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും മുഖ്യമന്ത്രി പിണറായി വിജയനുമാണെന്ന് പാർട്ടി ചെയർമാൻ പറഞ്ഞു. കേരള കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിൽക്കുന്നതിൽ യാതൊരുവിധ ആശങ്കയുമില്ല. യുഡിഎഫ് നേതാക്കളുമായി മുന്നണി മാറ്റം സംബന്ധിച്ച് യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നും മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.