കോഴിക്കോട് ജില്ലാ കോൺഗ്രസിൽ ഭിന്നത കടുക്കുന്നു

കോഴിക്കോട് ജില്ലാ കോൺഗ്രസിലെ ആഭ്യന്തര തർക്കം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നു. കെ.പി.സി.സി. ജനറൽ സെക്രട്ടറി പി.എം. നിയാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുതിർന്ന നേതാവ് കെ.സി. അബുവും ഡി.സി.സി. ഭാരവാഹികളും തുറന്ന നിലപാട് സ്വീകരിച്ചു.

കോഴിക്കോട് കോർപ്പറേഷനിൽ ബി.ജെ.പിക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ലഭിക്കാൻ ഇടയാക്കിയതിൽ പി.എം. നിയാസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണ് പ്രധാന ആരോപണം. കെ.സി. അബുവിന്റെ മകൾ കെ.സി. ശോഭിതയോട് രാഷ്ട്രീയ പ്രതികാരം തീർക്കുന്നതിനായി നിയാസ് വിപ്പ് നൽകുന്നതിൽ കൃത്രിമം നടത്തിയതായും, ഇതിലൂടെ ബി.ജെ.പിക്ക് അനുകൂല സാഹചര്യം രൂപപ്പെട്ടതായും അബു ആരോപിച്ചു.

നേരത്തെ പാറോപ്പടി വാർഡിൽ മത്സരിച്ച് പരാജയപ്പെട്ട വ്യക്തിയായിരുന്നിട്ടും നിയാസിന് സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിന്റെ ചുമതല നൽകിയതിനെക്കുറിച്ചും കെ.സി. അബു കടുത്ത വിമർശനം ഉന്നയിച്ചു. അതേസമയം, പാറോപ്പടിയിൽ തനിക്കുണ്ടായ തോൽവിക്ക് പിന്നിൽ കെ.സി. ശോഭിതയാണെന്ന നിലപാടിലാണ് പി.എം. നിയാസ്.

വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ, ദീപദാസ് മുൻഷി എന്നിവർക്ക് നേതാക്കൾ പരാതി നൽകിയിട്ടുണ്ട്. കെ.സി. അബുവിന് പുറമെ ഡി.സി.സി. ജനറൽ സെക്രട്ടറി ഷാജിർ അറാഫത്തും പി.എം. നിയാസിനെതിരെ പരാതി നൽകാൻ തയ്യാറെടുക്കുകയാണ്. നേതാക്കളിടയിലെ ഈ ചേരിപ്പോര് വരും ദിവസങ്ങളിൽ കോഴിക്കോട് കോൺഗ്രസിൽ കൂടുതൽ രാഷ്ട്രീയ സംഘർഷങ്ങൾക്ക് വഴിമാറുമെന്നാണ് വിലയിരുത്തൽ.

17-Jan-2026