രാഹുൽ പുറത്തിറങ്ങിയാൽ ഇരയുടെ ജീവന് തന്നെ ഭീഷണിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് കോടതി
അഡ്മിൻ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിൽ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പുറത്ത്. എംഎൽഎക്കെതിരായ പരാതി അതീവ ഗുരുതരമാണെന്നും സമാനമായ കുറ്റകൃത്യങ്ങളിൽ ഇയാൾ മുൻപും ഏർപ്പെട്ടിട്ടുണ്ടെന്നും കോടതി വിധിപ്പകർപ്പിൽ വ്യക്തമാക്കി.
പ്രതിക്ക് ജാമ്യം നൽകുന്നത് ഇരയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും അതുവഴി കേസിന്റെ അന്വേഷണത്തെ തടസ്സപ്പെടുത്താനും ഇടയാക്കുമെന്ന് കോടതി നിരീക്ഷിച്ചു. അതിജീവിതക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ഗൗരവകരമാണെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. രാഹുൽ ഇതുവരെ അന്വേഷണത്തോട് പൂർണ്ണമായി സഹകരിച്ചിട്ടില്ലെന്നും, പുറത്തിറങ്ങിയാൽ ഇരയുടെ ജീവന് തന്നെ ഭീഷണിയുണ്ടാകാൻ സാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.
ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നില്ലെന്നും അതിനാൽ ബലാത്സംഗക്കുറ്റം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. പ്രതിക്ക് മുൻപും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന പ്രോസിക്യൂഷൻ വാദവും ജാമ്യം നിഷേധിക്കുന്നതിൽ നിർണ്ണായകമായി.