വയനാട് ചൂരല്‍മലയിലെ ദുരിത ബാധിതരെ സര്‍ക്കാര്‍ ചേര്‍ത്ത് നിര്‍ത്തിയാണ് പോകുന്നത്: മന്ത്രി കെ രാജന്‍
അഡ്മിൻ
മുണ്ടക്കൈ–ചൂരല്‍മല ദുരിതബാധിതര്‍ക്ക് നല്‍കുന്ന സഹായം ഡിസംബര്‍ മാസത്തോടെ അവസാനിപ്പിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ വ്യക്തമാക്കി. ദുരിതബാധിതര്‍ക്കുള്ള ധനസഹായം മൂന്നു മാസം കൂടി നീട്ടാന്‍ സര്‍ക്കാര്‍ നേരത്തേ തന്നെ തീരുമാനിച്ചിരുന്നുവെന്നും, ചില വസ്തുതകള്‍ ബോധപൂര്‍വം മറച്ചുവച്ച് സര്‍ക്കാരിനെതിരെ കുപ്രചരണം നടത്തുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
വയനാട് ചൂരല്‍മലയിലെ ദുരിതബാധിതരെ സര്‍ക്കാര്‍ ഒറ്റയ്ക്ക് വിടില്ലെന്നും, അവരെ ചേര്‍ത്തുനിര്‍ത്തിയാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുരിതബാധിതര്‍ക്ക് നല്‍കുന്ന സഹായം അവസാനിപ്പിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റായ പ്രചാരണമാണെന്നും, ഇതുമൂലം അനാവശ്യ ആശങ്കകള്‍ ഉണ്ടാകേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
വാടകവീടുകളില്‍ താമസിക്കുന്ന ദുരിതബാധിതര്‍ താമസം മാറ്റുന്നതുവരെ അവരുടെ വാടക സര്‍ക്കാര്‍ തുടർന്നും നല്‍കുമെന്നും റവന്യൂ മന്ത്രി അറിയിച്ചു.