ശബരിമല സ്വര്‍ണക്കൊള്ള; പ്രതികളാകുന്നത് കോണ്‍ഗ്രസ് നേതാക്കൾ: എം സ്വരാജ്
അഡ്മിൻ
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദിവസങ്ങള്‍ കഴിയും തോറും കൂടുതല്‍ വ്യക്തത വരികയാണെന്നും പ്രതികളാകുന്നത് കോണ്‍ഗ്രസ് നേതാക്കളാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്.
നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ശബരിമല എന്ന വാക്ക് പറയാനാകാത്ത സ്ഥിതിയിലേക്ക് കോണ്‍ഗ്രസ് എത്തും. സ്വര്‍ണക്കൊള്ളയില്‍ സിപിഐഎമ്മിന് അന്നും ഇന്നും ഒരേ നിലപാടാണെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞു.കണ്ണൂര്‍ കല്യാശേരി പഞ്ചായത്തിലെ ചിറക്കുറ്റിയില്‍ ഗൃഹസന്ദര്‍ശന വേളയ്ക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം ജനങ്ങള്‍ക്കിടയിലെത്തുക അവരെ പഠിക്കുക എന്നത് പുതുമയുള്ള കാര്യമേയല്ല. ഇത് സിപിഐഎം അനുവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടി രീതിയാണ്. തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും നാടിന്റെ വികസനവും ജനക്ഷേമവും ചര്‍ച്ച ചെയ്യപ്പെടണമെന്നാണ് നമുക്കുള്ളത്. ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്നതാണ് മുന്‍ഗണന.
സ്വര്‍ണക്കൊള്ള വിഷയത്തില്‍ ജനത്തെ തെറ്റിധരിപ്പിക്കാന്‍ ശ്രമം നടന്നു. പക്ഷെ ഇപ്പൊള്‍ വ്യക്തതവന്നു തുടങ്ങി. പ്രതിസ്ഥാനത്തേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ വന്നുതുടങ്ങിയിരിക്കുകയാണ്. വലിയ നേതാക്കന്‍മാരാണ്. അന്നുമിന്നും സിപിഐഎം പറഞ്ഞത് തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നാണ്. ഇപ്പോഴും അതേനിലപാടാണ്. അത് ശരിയാണെന്ന് തെളിയുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ടിനുവേണ്ടി തെറ്റായ പ്രചരണം നടത്താന്‍ ശ്രമിച്ചവര്‍ക്ക് കുറച്ചുകൂടി കഴിഞ്ഞാല്‍ ജനങ്ങളോട് ശബരിമലയെപ്പറ്റി മിണ്ടാന്‍ പോലും കഴിയാത്ത സ്ഥിതി വരും', സ്വരാജ് പറഞ്ഞു.