മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനെതിരെ യുഡിഎഫ് ക്യാമ്പയിൻ നടത്തി: മന്ത്രി കെ രാജൻ
അഡ്മിൻ
ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന് യുഡിഎഫ് പറഞ്ഞിട്ടില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വാദം മന്ത്രി കെ. രാജൻ തള്ളി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ യുഡിഎഫ് സജീവമായി ക്യാമ്പയിൻ നടത്തിയെന്നാണ് കെ. രാജന്റെ ആരോപണം. പിആർ പ്രവർത്തനങ്ങളിലൂടെ സത്യത്തെ മറയ്ക്കാനാകില്ലെന്നും അദ്ദേഹം പരിപാടിയിൽ പറഞ്ഞു.
വയനാട് ദുരന്തബാധിതർക്കായി ചെലവഴിച്ച തുക സോഷ്യൽ ഓഡിറ്റിന് വിധേയമാക്കാൻ തയ്യാറാണെന്ന് മന്ത്രി വ്യക്തമാക്കി. ദുരിതാശ്വാസ ഫണ്ട് വയനാടിന് പുറത്തുള്ള ആവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടില്ലെന്നും, ദുരന്തബാധിതരെ സുരക്ഷിതമായ വീടുകളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതുവരെ വാടകയോ ദിനബത്തയോ തടസ്സപ്പെടില്ലെന്നും കെ. രാജൻ ഉറപ്പ് നൽകി.
പുനരധിവാസ നടപടികൾ പൂർത്തിയാകുന്നത് വരെ പ്രതിമാസം 9,000 രൂപയുടെ ധനസഹായം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി നടത്തിയ ഫണ്ട് ശേഖരണത്തിന്റെ കണക്ക് പുറത്തുവിടാൻ മന്ത്രി വെല്ലുവിളിക്കുകയും ചെയ്തു.
വയനാട്ടിലെ ദുരന്തബാധിതർക്ക് ധനസഹായം മുടങ്ങിയെന്ന ആരോപണങ്ങളിൽ ബോധപൂർവമായ തെറ്റിദ്ധാരണകൾ സൃഷ്ടിക്കപ്പെടുകയാണെന്നും, പല ഘട്ടങ്ങളിലായി അവ തിരുത്തിയിട്ടുണ്ടെന്നും കെ. രാജൻ പറഞ്ഞു. ഡിസംബർ 31 വരെ ഒരാളുടേയും വാടക മുടങ്ങിയിട്ടില്ലെന്നും, 656 കുടുംബങ്ങളിലെ 1,185 പേർക്ക് ഡിസംബർ മാസം വരെ സഹായം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജനുവരിയിലും ഫെബ്രുവരിയിലും ഈ സഹായം തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.