കേരളത്തിൽ ഇടതു സർക്കാർ വീണ്ടും അധികാരത്തിലെത്തും: എംഎ ബേബി
അഡ്മിൻ
കേരളത്തെ അതിദാരിദ്ര്യമുക്തമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. കേരള വികസന മാതൃകയുടെ കാര്യക്ഷമതയുടെ തെളിവായാണ് കേന്ദ്ര കമ്മിറ്റി ഈ നേട്ടത്തെ വിലയിരുത്തുന്നതെന്നും, കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധങ്ങള്‍ക്കിടയിലാണ് സംസ്ഥാനത്തിന് ഇത് കൈവരിക്കാനായതെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതു സര്‍ക്കാരിന്റെ ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയുടേതാണ് ഈ നേട്ടമെന്നും എം.എ. ബേബി പറഞ്ഞു.
കേരളത്തില്‍ ഇടതു സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്നും ചരിത്രപരമായ മൂന്നാം തുടർച്ചയായ ഭരണത്തിലേക്കാണ് ഇടതുമുന്നണി നീങ്ങുന്നതെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ബിജെപിയെ ശക്തിപ്പെടുത്താനാണോ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന ചോദ്യം ഉന്നയിച്ച എം.എ. ബേബി, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്, ലീഗ്, ബിജെപി എന്നിവര്‍ ഒന്നിച്ചുനിന്നതാണ് പല സ്ഥലങ്ങളിലും ബിജെപിയുടെ വിജയത്തിന് കാരണമായതെന്നും ആരോപിച്ചു.
കേരളത്തിലെ സിപിഐഎം മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുന്നു എന്ന ആഖ്യാനത്തിന് പിന്നില്‍ ചിലരുടെ ബോധപൂര്‍വമായ ശ്രമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും കേരളത്തില്‍ ഒത്തുകളിക്കുകയാണെന്നതിന് നേമവും തൃശൂരും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ തന്നെയാണ് തെളിവെന്നും എം.എ. ബേബി കൂട്ടിച്ചേര്‍ത്തു.