പറവൂരിൽ മത്സരിച്ചപ്പോൾ ജയിക്കാൻ ആർഎസ്എസിന്റെ ദയാദാക്ഷിണ്യം തേടിയ വ്യക്തിയാണ് സതീശൻ: എ വിജയരാഘവൻ

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷമായ വ്യക്തിപരമായ കടന്നാക്രമണവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ രംഗത്ത്. വർഗീയതയ്ക്കെതിരായ പോരാളിയായി സ്വയം ചമയുന്ന സതീശൻ ‘രാജാപ്പാർട്ട്’ അഭിനയമാണ് നടത്തുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.

വി.ഡി. സതീശൻ വർഗീയവിരുദ്ധ അപ്പോസ്തലനായി അഭിനയിച്ചു തകർക്കുകയാണെന്നും എന്നാൽ സഹതാപത്തോടെയാണ് ജനങ്ങൾ അദ്ദേഹത്തെ നോക്കുന്നതെന്നും എ. വിജയരാഘവൻ പറഞ്ഞു. ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തി തൊഴുതുനിന്ന സതീശന്റെ ഭൂതകാലം ആരും മറന്നിട്ടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പറവൂരിൽ മത്സരിച്ചപ്പോൾ ജയിക്കാൻ ആർഎസ്എസിന്റെ ദയാദാക്ഷിണ്യം തേടിയ വ്യക്തിയാണ് സതീശൻ. ഇക്കാര്യം ആർഎസ്എസ് നേതാവ് ആർ.വി ബാബുവും ബിജെപി നേതാവ് കൃഷ്ണദാസും തുറന്നു പറഞ്ഞിട്ടുണ്ട്. അന്ന് ഈ ‘അഭിനയം’ സതീശൻ പുറത്തെടുത്തിരുന്നില്ലെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.

മതമൗലികവാദികളുമായുള്ള സഖ്യം വർഗീയത പ്രസംഗിക്കുന്ന കെ.എം. ഷാജിയെ ചേർത്തുപിടിക്കുകയും ഇസ്ലാമിക മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കുകയും ചെയ്യുന്ന സതീശൻ എങ്ങനെയാണ് വർഗീയവിരുദ്ധനാവുന്നതെന്ന് വിജയരാഘവൻ ചോദിച്ചു. കോൺഗ്രസ് തന്നെ രണ്ട് വട്ടം നിരോധിച്ച ജമാഅത്തെ ഇസ്ലാമിക്ക് ‘മതരാഷ്ട്രവാദികളല്ല’ എന്ന് സർട്ടിഫിക്കറ്റ് നൽകുന്നത് സതീശനാണെന്നും വിജയരാഘവൻ തിരുവനന്തപുരത്ത് പറഞ്ഞു.

19-Jan-2026