കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുനൽകിയത് കിഫ്ബി: മുഖ്യമന്ത്രി

കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുനൽകിയത് കിഫ്ബിയാണെന്നും, ബജറ്റിന് പുറത്തുള്ള സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്തിയതുകൊണ്ടാണ് സംസ്ഥാനത്ത് വൻതോതിലുള്ള വികസന പ്രവർത്തനങ്ങൾ സാധ്യമായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുണ്ടറ താലൂക്ക് ആശുപത്രിയിൽ കിഫ്ബി ഫണ്ടിൽ നിർമിച്ച 130 ബെഡുകളുള്ള അത്യാധുനിക കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസന പദ്ധതികൾ സാധാരണയായി ബജറ്റിലൂടെയാണ് പ്രഖ്യാപിക്കാറുള്ളതെങ്കിലും, ബജറ്റിനെ മാത്രം ആശ്രയിച്ചാൽ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയില്ലെന്ന തിരിച്ചറിവാണ് കിഫ്ബിയെ പുനരുജ്ജീവിപ്പിക്കാൻ കാരണമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അഞ്ചുവർഷം കൊണ്ട് 50,000 കോടി രൂപയുടെ പദ്ധതികളാണ് ലക്ഷ്യമിട്ടിരുന്നതെന്നും, എന്നാൽ ജനങ്ങളുടെ പിന്തുണയോടെ 62,000 കോടി രൂപയുടെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സർക്കാരിന് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 90,000 കോടി രൂപയുടെ വമ്പൻ പദ്ധതികളാണ് കിഫ്ബി വഴി സംസ്ഥാനത്ത് പുരോഗമിക്കുന്നതെന്നും, കേരളത്തിലെല്ലായിടത്തും കിഫ്ബി പദ്ധതികളുടെ സാന്നിധ്യം കാണാനാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 
 

19-Jan-2026