പിവി അൻവറിനെ പൂർണ്ണമായും തള്ളുന്നതായി തൃണമൂൽ കോൺഗ്രസ് കേരള ഘടകം വ്യക്തമാക്കി. അൻവറിന് പാർട്ടിയിൽ യാതൊരു സ്ഥാനവുമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് സി ജെ ഉണ്ണി പറഞ്ഞു. തെറ്റിദ്ധരിച്ച് അൻവറിനൊപ്പം പോയവരിൽ ഭൂരിഭാഗവും വീണ്ടും തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തിയതായും അദ്ദേഹം വ്യക്തമാക്കി.
പിവി അൻവറിനെതിരെ സംസ്ഥാനത്തെ തൃണമൂൽ കോൺഗ്രസ് നേതാക്കൾ രൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചത്. അൻവറിന് സംസ്ഥാന കോർഡിനേറ്റർ പദവി ഉണ്ടെന്ന പ്രചരണം പൂർണ്ണമായും അസത്യമാണെന്ന് നേതാക്കൾ പറഞ്ഞു. ചിലർ അൻവറിന്റെ ചതിയിൽപ്പെട്ടതാണെന്നും, അവരിൽ ഭൂരിഭാഗവും ഇതിനകം തന്നെ പാർട്ടിയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ടെന്നും സിജെ ഉണ്ണി വ്യക്തമാക്കി.
അൻവറിനെ കൂട്ടുപിടിച്ച് യുഡിഎഫ് നടത്തുന്ന രാഷ്ട്രീയ നാടകങ്ങൾ അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിലേക്ക് പ്രവേശിക്കാൻ ആരും അപേക്ഷ നൽകിയിട്ടില്ലെന്നും, ഈ മാസം 28ന് തിരുവനന്തപുരത്ത് നടക്കുന്ന നേതൃയോഗത്തിന് ശേഷം ഭാവി പരിപാടികൾ തീരുമാനിക്കുമെന്നും തൃണമൂൽ കോൺഗ്രസ് നേതാക്കൾ അറിയിച്ചു.