ചിക്കിങ്ങുമായി കൈകോർത്ത് കെഎസ്ആർടിസി

കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്നവർക്ക് ഇനി സീറ്റിലിരുന്ന് ഭക്ഷണം ആസ്വദിക്കാം. പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ ‘ചിക്കിങ്ങു’മായി ചേർന്നാണ് ഈ പുതിയ പദ്ധതി കെഎസ്ആർടിസി നടപ്പിലാക്കുന്നത്. ബസിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് ഓർഡർ ചെയ്താൽ യാത്രക്കാർക്ക് ബസിനുള്ളിൽ തന്നെ ഭക്ഷണം ലഭ്യമാകും.

ആദ്യഘട്ടത്തിൽ അഞ്ച് വോൾവോ എയർ കണ്ടീഷൻ ബസുകളിലാണ് ഈ സേവനം ആരംഭിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് 25 ശതമാനം ഡിസ്‌കൗണ്ടും യാത്രക്കാർക്ക് ലഭിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു.

മോട്ടോർ വാഹന മേഖലയുമായി ബന്ധപ്പെട്ട മറ്റ് ചില പ്രധാന തീരുമാനങ്ങളും മന്ത്രി ഇതോടൊപ്പം പ്രഖ്യാപിച്ചു. 15 വർഷം പഴക്കമുള്ള വാഹനങ്ങളുടെ റീ-രജിസ്‌ട്രേഷൻ ഫീസിൽ സംസ്ഥാന സർക്കാർ 50 ശതമാനം ഇളവ് വരുത്തി. കേന്ദ്ര സർക്കാർ നാലിരട്ടിയോളം വർദ്ധിപ്പിച്ച ഫീസിലാണ് സംസ്ഥാനത്തിന്റെ ഈ നിർണ്ണായക ഇടപെടൽ. ഇത്തരം ഇളവുകൾ നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് സാധാരണക്കാർക്ക് ആശ്വാസകരമായ ഈ തീരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.

22-Jan-2026