സ്വർണ്ണക്കവർച്ചാ കേസിലെ പ്രതികൾക്ക് സോണിയാ ഗാന്ധിയെ കാണാൻ അവസരം ലഭിച്ചത് ദുരൂഹമാണ് : കെകെ ശൈലജ ടീച്ചർ
അഡ്മിൻ
ശബരമലയിലെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരുന്നത് ഭയന്നാണ് യുഡിഎഫ് നിയമസഭയിലെ ചർച്ചയിൽ നിന്ന് പിൻവാങ്ങിയതെന്ന് കെ.കെ. ശൈലജ ടീച്ചർ . സ്വർണ്ണം കവർന്നവരും വാങ്ങിയവരും സോണിയ ഗാന്ധിയോടൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവന്ന പശ്ചാത്തലത്തിൽ, വിഷയം സഭയിൽ ചർച്ചയായാൽ പ്രതിപക്ഷത്തിന് മറുപടി നൽകാൻ കഴിയില്ലെന്ന് അവർ പറഞ്ഞു. അടിയന്തര പ്രമേയം അവതരിപ്പിച്ച് വസ്തുതകൾ ജനങ്ങളെ അറിയിക്കുന്നതിന് പകരം സഭ സ്തംഭിപ്പിക്കാനാണ് യുഡിഎഫ് ശ്രമിച്ചതെന്നും ശൈലജ ടീച്ചർ കുറ്റപ്പെടുത്തി.
ശബരിമലയിലെ മുൻ മേൽശാന്തി ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ നിയമിച്ചത് ഇടതുപക്ഷമല്ലെന്നും എന്നാൽ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ജയിലിലടച്ചത് എൽഡിഎഫ് സർക്കാരാണെന്നും ശൈലജ ടീച്ചർ ഓർമ്മിപ്പിച്ചു. സാധാരണക്കാർക്ക് പ്രവേശനം ലഭിക്കാൻ പ്രയാസമുള്ള 10 ജൻപഥിൽ സ്വർണ്ണക്കവർച്ചാ കേസിലെ പ്രതികൾക്ക് സോണിയാ ഗാന്ധിയെ കാണാൻ അവസരം ലഭിച്ചത് ദുരൂഹമാണ്. ഈ ബന്ധങ്ങൾ ചർച്ചാവിഷയമാകുമെന്ന് ഭയന്നാണ് കോൺഗ്രസ് സഭയിൽ നിന്ന് ഒളിച്ചോടിയതെന്നും ടീച്ചർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
ശബരിമലയിലെ സ്വർണ്ണവുമായി ബന്ധപ്പെട്ട ഒരു ചെറിയ അംശം പോലും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് കണ്ടെത്തുമെന്ന ഉറച്ച നിലപാടിലാണ് സർക്കാരെന്ന് കെ.കെ. ശൈലജ ടീച്ചർ വ്യക്തമാക്കി. കോടതി നിർദ്ദേശപ്രകാരമുള്ള അന്വേഷണത്തോട് സർക്കാർ പൂർണ്ണമായും സഹകരിക്കുന്നുണ്ട്. ഈ കേസിൽ പങ്കാളികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കുക എന്നതാണ് എൽഡിഎഫ് നയം. വിശ്വാസികളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച് ഇടതുപക്ഷത്തിനെതിരെ തിരിക്കാനുള്ള യുഡിഎഫിന്റെ ശ്രമങ്ങൾ വിജയിക്കില്ലെന്നും ടീച്ചർ കൂട്ടിച്ചേർത്തു.