കടകംപള്ളിക്കെതിരായ പരാമർശത്തിൽ മലക്കം മറിഞ്ഞ് വി.ഡി. സതീശൻ

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് എതിരായ പരാമർശത്തിൽ കോടതിയിൽ മലക്കം മറിഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.പാളികൾ കടകംപള്ളി മറിച്ച് വിറ്റെന്ന് പറഞ്ഞിട്ടില്ലെന്ന് സതീശൻ്റെ അഭിഭാഷകൻ കോടതിയിൽ.

ശില്പങ്ങൾ കോടീശ്വരന് വിറ്റത് കടകംപള്ളിക്ക് അറിയാമെന്നാണ് ഉദ്ദേശിച്ചതെന്നും വാദം.ശില്പങ്ങൾ കോടീശ്വരന് വിറ്റത് കടകംപള്ളി അറിഞ്ഞുകൊണ്ടാണ് എന്നായിരുന്നു വി.ഡി. സതീശൻ്റെ ആദ്യ വാദം. ഇതിൻ്റെ തെളിവ് പുറത്തുവിടാൻ കടകംപള്ളി വെല്ലുവിളിച്ചപ്പോൾ ഇത് കോടതിയിൽ ഹാജരാക്കാമെന്നും വി.ഡി. സതീശൻ പറഞ്ഞിരുന്നു.

എന്നാൽ, പാളികൾ കടകംപള്ളി മറിച്ച് വിറ്റെന്ന് പറഞ്ഞിട്ടില്ല എന്നാണ് സതീശൻ്റെ അഭിഭാഷകൻ ഇപ്പോൾ കോടതിയിൽ പറയുന്നത്. ദേവസ്വം മന്ത്രി എന്ന നിലയിൽ കാര്യങ്ങൾ അറിയാമായിരുന്നു എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. അത് സതീശൻ്റെ വ്യക്തിപരമായ അഭിപ്രായമല്ല, പാർട്ടിയുടെയും മുന്നണിയുടെയും നിലപാടാണെന്നും വി.ഡി. സതീശൻ്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

22-Jan-2026