ചേരേണ്ട സ്ഥലത്തു തന്നെയാണ് ട്വന്റി – 20 പാർട്ടി ചെന്നു ചേർന്നിട്ടുള്ളത് : എസ് സതീഷ്
അഡ്മിൻ
കിറ്റക്‌സ് കമ്പനി ഉടമ സാബു ജേക്കബിന്റെ ട്വന്റി – 20 പാർട്ടി എൻഡിഎ മുന്നണിയിൽ ചേർന്നതിൽ പ്രതികരണവുമായി സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്. ട്വൻ്റി – 20 ബിജെപിക്ക് ഒപ്പം ചേരുമെന്ന് തങ്ങൾക്ക് നേരത്തേ തന്നെ മനസിലായിരുന്നു എന്നും അത് പറയുകയും ചെയ്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചേരേണ്ട സ്ഥലത്തു തന്നെയാണ് ട്വന്റി – 20 പാർട്ടി ചെന്നു ചേർന്നിട്ടുള്ളത് എന്ന് എസ് സതീഷ് പരിഹസിച്ചു.
ട്വൻ്റി – 20 അഴിമതിക്ക് എതിരാണെന്നാണ് സാബു നേരത്തെ അവകാശപ്പെട്ടത്. എന്നാൽ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി നടത്തിയ ബി ജെ പിയ്ക്ക് ഒപ്പമാണ് ഇപ്പോൾ ട്വൻ്റി – 20 എത്തിച്ചേർന്നിരിക്കുന്നത്. ജനങ്ങള്‍ക്കും ഇക്കാര്യം വ്യക്തമാണ്.
ബി ജെ പിയുടെ ഏജൻ്റാണ് സാബു ജേക്കബ് എന്നും എസ് സതീഷ് പറഞ്ഞു. തനിച്ചു വളരാൻ കഴിയാത്ത സ്ഥലത്ത് കോർപ്പറേറ്റുകളെ കൂടെ നിർത്തി വളരാനാണ് ബി ജെ പി ശ്രമിക്കുന്നത്. ബി ജെ പിയുടെ ഈ പരീക്ഷണത്തിൻ്റെ കേരളത്തിലെ ഏജൻ്റാണ് സാബു ജേക്കബ് എന്ന് എസ് സതീഷ് വ്യക്തമാക്കി. കേരളത്തിലെ ജനത ഈ നീക്കത്തെ ചെറുത്തു തോൽപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു.
ട്വൻ്റി-20ക്കോ ബി ജെ പിക്കോ ഈ കൂട്ടുകെട്ടിൻ്റെ ഭാഗമായി ഒരു ചലനവും നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കാൻ കഴിയില്ലെന്ന് എസ് സതീഷ് കൂട്ടിച്ചേർത്തു. പറഞ്ഞ കാര്യങ്ങൾ പാലിക്കാതെ പറ്റിക്കുന്ന ആളാണ് സാബു ജേക്കബ് എന്ന് ജനങ്ങൾക്ക് മനസിലായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.