ശബരിമല സ്വർണക്കൊള്ള; അടൂർ പ്രകാശിന് കുരുക്ക് മുറുകുന്നു

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അടൂർ പ്രകാശിനെ പ്രതിസന്ധിയിലാക്കുന്ന വിധത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ഉള്ള കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നു. ബെംഗളൂരുവിൽ വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്നു അടൂർ പ്രകാശ് സമ്മാനങ്ങൾ സ്വീകരിക്കുന്ന ചിത്രങ്ങളും ഇതോടൊപ്പം പുറത്തുവന്നു.

പോട്ടിയുടെ സുഹൃത്തുക്കളായ രമേശ് റാവുവും അനന്തസുബ്രമണ്യവും ചിത്രങ്ങളിലുണ്ട്. ഷർട്ടും പാന്റും ധരിച്ച നിലയിലാണ് അടൂർ പ്രകാശ് ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ഈ പുതിയ ചിത്രങ്ങൾ ഏത് പരിപാടിയുമായി ബന്ധപ്പെട്ടതാണ് എന്നതിനെക്കുറിച്ചോ, കൂടിക്കാഴ്ചയുടെ വിശദാംശങ്ങളേക്കുറിച്ചോ അടൂർ പ്രകാശ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

ഉണ്ണികൃഷ്ണൻ പോറ്റിയുമായി സ്വന്തമണ്ഡലക്കാരൻ എന്ന പരിചയം മാത്രമേ ഉള്ളുവെന്നായിരുന്നു അടൂർ പ്രകാശ് നേരത്തെ നൽകിയ വിശദീകരണം. പോറ്റി ആറ്റിങ്ങൽ മണ്ഡലത്തിൽ താമസിക്കുന്നയാളാണെന്നും, അയ്യപ്പ ഭക്തൻ എന്ന നിലയിലാണ് പരിചയമുണ്ടായതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ പോറ്റിയുടെ പുളിമാത്തെ തറവാട് വീട്ടിൽ അടൂർ പ്രകാശ് എത്തിയിരുന്നുവെന്ന് അയൽവാസിയായ വിക്രമൻ നായർ മുമ്പ് വെളിപ്പെടുത്തിയിരുന്നു. പോറ്റിയുടെ ബന്ധുവിന്റെ വിവാഹച്ചടങ്ങിലും അടൂർ പ്രകാശ് പങ്കെടുത്തിരുന്നുവെന്ന വിവരവും പുറത്തുവന്നിരുന്നു.

അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ കാണാൻ ഡൽഹിയിലെത്തിയപ്പോഴും അടൂർ പ്രകാശ് ഒപ്പമുണ്ടായിരുന്നു. സ്വന്തം മണ്ഡലത്തിലെ വോട്ടറായതിനാലാണ് സോണിയ ഗാന്ധിയെ കാണാൻ പോയപ്പോൾ പോറ്റിയെയും കൂട്ടിയതെന്നായിരുന്നു അന്ന് അടൂർ പ്രകാശ് മാധ്യമങ്ങളോട് നൽകിയ വിശദീകരണം. പുതിയ ചിത്രങ്ങൾ പുറത്തുവന്നതോടെ വിഷയത്തിൽ രാഷ്ട്രീയ ചർച്ചകൾ വീണ്ടും ശക്തമാകുകയാണ്.

23-Jan-2026