ഉണ്ണികൃഷ്ണൻ പോറ്റിയെ ജയിലിലെത്തി ചോദ്യം ചെയ്തു

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായക തെളിവുകൾ ശേഖരിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ജയിലിലെത്തി വീണ്ടും ചോദ്യം ചെയ്തു. വാതിലില്‍ നിന്ന് സ്വർണ്ണം കവർന്നോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുന്നതിനായിരുന്നു പ്രധാനമായും അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചത്. എന്നാൽ വാതിലിൽ നിന്ന് സ്വർണ്ണം വേർതിരിച്ചിട്ടില്ലെന്നും കട്ടിളപ്പാളികൾ മാറ്റിയിട്ടില്ലെന്നുമാണ് പോറ്റി നൽകിയ മൊഴി.

പ്രതിയുടെ ഈ മൊഴി പൂർണ്ണമായും വിശ്വാസത്തിലെടുക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. കട്ടിളപ്പാളി കേസിൽ അറസ്റ്റിലായി ഫെബ്രുവരി ഒന്നിന് 90 ദിവസം തികയാനിരിക്കെയാണ് പോലീസ് നടപടികൾ വേഗത്തിലാക്കിയിരിക്കുന്നത്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കേണ്ടതുണ്ട് എന്നതിനാൽ, വരും ദിവസങ്ങളിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനാണ് എസ്‌ഐടിയുടെ തീരുമാനം.

25-Jan-2026