ഹരിപ്പാട് ക്ഷേത്രത്തിൽ കാണിക്കപ്പണം മോഷ്ടിച്ച ദേവസ്വം വാച്ചർ റിമാൻഡിൽ

ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്നതിനിടെ പണം മോഷ്ടിച്ച കേസിൽ അറസ്റ്റിലായ ദേവസ്വം വാച്ചർ രാകേഷ് കൃഷ്ണനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കുമാരപുരം പൊത്തപ്പള്ളി തെക്ക് വൈഷ്ണവത്തിൽ താമസിക്കുന്ന ഇയാൾ, തിരുവിതാംകൂർ ദേവസ്വം ബോർഡിലെ കോൺഗ്രസ് അനുകൂല സംഘടനയായ എംപ്ലോയീസ് ഫ്രണ്ടിന്റെ ഹരിപ്പാട് ഗ്രൂപ്പ് പ്രസിഡന്റാണ്. കഴിഞ്ഞ 20-ാം തീയതിയായിരുന്നു മോഷണം നടന്നത്. ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ കാണിക്ക എണ്ണി കെട്ടുകളാക്കി സൂക്ഷിച്ചിരുന്ന പണം ബാങ്ക് ജീവനക്കാർക്ക് കൈമാറാൻ തയാറെടുക്കുന്നതിനിടെയാണ് മോഷണം നടന്നത്.

ബാങ്ക് ഉദ്യോഗസ്ഥർ എത്തിയ സമയത്ത് രാകേഷ് കൃഷ്ണൻ സംശയകരമായ സാഹചര്യത്തിൽ ചുറ്റിത്തിരിയുന്നത് ശ്രദ്ധയിൽപ്പെട്ട അസിസ്റ്റന്റ് കമ്മീഷണർ ജയലക്ഷ്മി ഇയാളെ പരിശോധിച്ചു. പരിശോധനയിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന പെട്ടിയിൽ നിന്നും മോഷണം പോയ 32,000 രൂപ കണ്ടെത്തുകയായിരുന്നു.

ഉടൻ തന്നെ അവിടെനിന്ന് ഓടി രക്ഷപ്പെട്ട പ്രതി വിവിധ ഇടങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. കഴിഞ്ഞ ദിവസം ഹരിപ്പാട് പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിനൊടുവിൽ കാർത്തികപ്പള്ളിയിലുള്ള ബന്ധുവീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായ രാകേഷ് കൃഷ്ണൻ രമേശ് ചെന്നിത്തല അടക്കമുള്ള പ്രമുഖ നേതാക്കളുടെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. യൂത്ത് കോൺഗ്രസ് കുമാരപുരം മണ്ഡലം മുൻ പ്രസിഡന്റായ ഇയാൾ, കുമാരപുരം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുമുണ്ട്.

26-Jan-2026