തന്ത്രി കണ്ഠര് രാജീവർക്കെതിരെ കൂടുതൽ തെളിവുകൾ പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചു

ശബരിമല സ്വർണമോഷണക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്കു നേരിട്ട് പങ്കുണ്ടെന്നും, കേസിലൂടെ അദ്ദേഹം സാമ്പത്തിക നേട്ടം കൈവരിച്ചുവെന്നും സൂചിപ്പിക്കുന്ന കൂടുതൽ തെളിവുകൾ പ്രത്യേക അന്വേഷണസംഘത്തിന് (SIT) ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തന്ത്രിയെ വീണ്ടും വിശദമായി ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

തന്ത്രിയെന്ന പദവി ദുരുപയോഗം ചെയ്ത് കൂടുതൽ തട്ടിപ്പുകൾ നടത്താൻ അദ്ദേഹം പദ്ധതിയിട്ടിരുന്നതായും, ഇതിന് ദേവപ്രശ്നത്തെ ഒരു മറയായി ഉപയോഗിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ശ്രീകോവിലിന്റെ വാതിലിനും കട്ടിളപ്പാളിക്കും വൈകല്യമുണ്ടെന്നായിരുന്നു ദേവപ്രശ്നത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്.

തിരുവല്ലയിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ തന്ത്രി രണ്ടരക്കോടി രൂപ നിക്ഷേപിച്ചിരുന്നതിന്റെ രേഖകൾ SIT-ന് ലഭിച്ചിട്ടുണ്ട്. ഉയർന്ന പലിശയ്ക്ക് വായ്പ നൽകുന്ന ഈ സ്ഥാപനം വർഷങ്ങളായി പൂട്ടിയ നിലയിലാണെന്നും, വിജിലൻസ്–ക്രൈംബ്രാഞ്ച് അന്വേഷണങ്ങൾ നേരിടുന്നതായും സ്രോതസ്സുകൾ പറയുന്നു. ഇത്രയും വലിയ തുക നഷ്ടപ്പെട്ടിട്ടും തന്ത്രി പരാതി നൽകാതിരുന്നത് അന്വേഷണസംഘത്തിന്റെ സംശയം ശക്തമാക്കി.

ആദ്യഘട്ട ചോദ്യംചെയ്യലിൽ രണ്ടരക്കോടി രൂപയുടെ നഷ്ടത്തെക്കുറിച്ച് തന്ത്രി മറച്ചുവെച്ചിരുന്നു. എന്നാൽ ബാങ്ക് അക്കൗണ്ട് രേഖകൾ ഹാജരാക്കിയതോടെ, പണം നിക്ഷേപിച്ചിരുന്നതായും ബാങ്ക് അടഞ്ഞതിനെ തുടർന്ന് തുക നഷ്ടപ്പെട്ടതായും അദ്ദേഹം സമ്മതിച്ചു. പ്രളയകാലത്താണ് പണം നഷ്ടമായതെന്ന തന്ത്രിയുടെ വാദം SIT വിശ്വാസത്തിലെടുത്തിട്ടില്ല.

സ്വർണമോഷണക്കേസിലെ മുഖ്യപ്രതികളായ ഉണ്ണിക്കൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരുമായി തന്ത്രിക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ പണത്തിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്തുന്നതിനാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.

26-Jan-2026