എസ്.എൻ.ഡി.പി യോഗവുമായുള്ള ഐക്യനീക്കം ഉപേക്ഷിക്കാനുള്ള എൻ.എസ്.എസിന്റെ തീരുമാനത്തിൽ കൂടുതൽ വിശദീകരണവുമായി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രംഗത്തെത്തി. സംയുക്ത നീക്കത്തിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോ എന്ന് സംശയമുണ്ടെന്നും അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രധാനപ്പെട്ട രണ്ട് ഹൈന്ദവ സംഘടനകൾ യോജിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെങ്കിലും ഇതിന് പിന്നിൽ രാഷ്ട്രീയ അജണ്ടകൾ കടന്നുകൂടുന്നത് അനുവദിക്കാനാവില്ല. എൻ.എസ്.എസിന്റെ പ്രഖ്യാപിത നിലപാടായ സമദൂരത്തിന് വിരുദ്ധമാണ് ഈ ഐക്യനീക്കമെന്ന് ബോധ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐക്യചർച്ചകളുടെ ഭാഗമായി തുഷാർ വെള്ളാപ്പള്ളിയെ അയച്ചതാണ് സുകുമാരൻ നായരെ ചൊടിപ്പിച്ച പ്രധാന ഘടകം. ഒരു സമുദായ സംഘടനയുടെ ചർച്ചയ്ക്ക് മറ്റൊരു രാഷ്ട്രീയ പാർട്ടിയുടെ നേതാവായ വ്യക്തിയെ അയക്കുന്നത് ആർക്ക് വേണ്ടിയാണെന്ന് അദ്ദേഹം ചോദിച്ചു. മകനായാലും മറ്റാരായാലും രാഷ്ട്രീയ പശ്ചാത്തലമുള്ള വ്യക്തികളെ സമുദായ കാര്യങ്ങളിൽ ഇടപെടുത്തുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം അനാവശ്യമായ പൊല്ലാപ്പുകൾക്ക് സംഘടനയെ വിട്ടുകൊടുക്കാൻ താൽപ്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
താാൻ തന്റെ സമുദായത്തിന് വേണ്ടിയാണ് സംസാരിക്കുന്നതെന്നും എന്നാൽ അവർ ആർക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള നീക്കങ്ങളിൽ നിന്ന് സംഘടന വിട്ടുനിൽക്കും. അതേസമയം, മറ്റ് അടിസ്ഥാന നിലപാടുകളിൽ എൻ.എസ്.എസ് മാറ്റം വരുത്തിയിട്ടില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമുദായങ്ങളോടും സമദൂര നിലപാട് തന്നെയായിരിക്കും സംഘടന വരും ദിവസങ്ങളിലും സ്വീകരിക്കുകയെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.