ഫണ്ട് സംബന്ധിച്ച് പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്യും : കെകെ രാഗേഷ്

ധനരാജ് ഫണ്ട് സംബന്ധിച്ച കണക്കുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കേണ്ടതില്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ഫണ്ട് സംബന്ധിച്ച് പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്യുമെന്നും രാഗേഷ് പറഞ്ഞു. ഫണ്ട് തട്ടിപ്പ് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ കണക്കുകള്‍ പുറത്തുവിട്ടാല്‍ പ്രശ്‌നം തീരില്ലേ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു കെ.കെ. രാഗേഷിന്റെ മറുപടി.

ധനരാജ് ഫണ്ട് ശേഖരിച്ചത് കുടുംബ സഹായം, വീട് നിര്‍മിക്കല്‍, കേസ് നടത്തല്‍ എന്നീ ആവശ്യങ്ങള്‍ക്കായാണെന്നും അതില്‍ കേസ് നടത്താനുള്ള ഫണ്ട് ഇപ്പോഴും പാര്‍ട്ടിയുടെ കൈയില്‍ കൃത്യമായി ഉണ്ടെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ആ ഫണ്ടില്‍ ഒരു രൂപ പോലും പാര്‍ട്ടിക്ക് നഷ്ടമായിട്ടില്ലെന്നും കെ.കെ. രാഗേഷ് പറഞ്ഞു.

വസ്തുതകള്‍ ജനങ്ങള്‍ക്ക് മുമ്പാകെ അവതരിപ്പിക്കും ഫണ്ടിന്റെ വരവ് ചെലവ് കണക്കുകള്‍ പാര്‍ട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ആ കണക്കുകള്‍ മാധ്യമങ്ങളോട് പറയില്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയുടെ ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ല. പാര്‍ട്ടിയുടെ ധനസമാഹരണം പുറത്ത് പ്രസിദ്ധീകരിക്കുന്നത് നിങ്ങള്‍ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ഭരണഘടനാപരമായി പാര്‍ട്ടിയുടെ ബന്ധപ്പെട്ട കമ്മിറ്റിയാണ് ഫണ്ടിന്റെ കണക്കുകള്‍ അംഗീകരിക്കേണ്ടത്. മാധ്യമങ്ങള്‍ക്ക് എന്ത് ആരോപണവും ഉയര്‍ത്താം. എന്ന് കരുതി കണക്കുകള്‍ നിങ്ങള്‍ക്ക് മുന്നില്‍ നിരത്താന്‍ പറ്റുമോ എന്നും കെ കെ രാഗേഷ് ചോദിച്ചു.

സിപിഐഎം ഏതെങ്കിലും തരത്തില്‍ പണാപഹരണം നടത്തുന്ന പാര്‍ട്ടി അല്ല. ഏതെങ്കിലും ഒരാള്‍ ശരിയും മറ്റുള്ളവര്‍ തെറ്റുമല്ല. വരവ് ചെലവ് കണക്കുകള്‍ ബന്ധപ്പെട്ട കമ്മിറ്റികള്‍ അംഗീകരിച്ചിട്ടുണ്ട്. അതിന്റെ കൂടെ ഫണ്ടുമായി ബന്ധപ്പെട്ട് ആക്ഷേപം വന്നപ്പോള്‍ കമ്മിറ്റി തന്നെ പ്രത്യേകം ഓഡിറ്റര്‍മാരെ നിയമിച്ചിട്ടുണ്ടെന്നും കെകെ രാഗേഷ് പറഞ്ഞു. ധനരാജ് ഫണ്ടിലെ കെട്ടിട നിര്‍മാണ ഫണ്ടില്‍ നിന്ന് ഒരു രൂപ പോലും പോയിട്ടില്ലെന്നത് പാര്‍ട്ടിയുടെ ബോധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

26-Jan-2026