വികസനത്തോടൊപ്പം ജനകീയ ക്ഷേമത്തിനും ബജറ്റിൽ മുന്തിയ പരിഗണന: മുഖ്യമന്ത്രി
അഡ്മിൻ
സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തിനും തുല്യ പരിഗണന നൽകുന്ന മികച്ച ബജറ്റാണ് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആധുനികവും വികസിതവുമായ ഒരു മധ്യവരുമാന സമൂഹമായി കേരളത്തെ മാറ്റാനുള്ള എൽഡിഎഫ് സർക്കാരിന്റെ പത്തുവർഷത്തെ പരിശ്രമങ്ങളുടെ തുടർച്ചയാണിതെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേമരാഷ്ട്ര നിർമ്മാണവും സാമ്പത്തിക വളർച്ചയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വികസനത്തോടൊപ്പം ജനകീയ ക്ഷേമത്തിനും ബജറ്റിൽ മുന്തിയ പരിഗണന ലഭിച്ചിട്ടുണ്ട്. ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, സാക്ഷരതാ പ്രേരക്മാർ എന്നിവരുടെ വേതന വർദ്ധനവും ബിരുദ പഠനം സൗജന്യമാക്കിയതും ഇതിന് തെളിവാണ്. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ കുടിശ്ശിക പൂർണ്ണമായും നൽകുമെന്ന പ്രഖ്യാപനവും ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം ഒരു ഗഡു നൽകാനുള്ള തീരുമാനവും വലിയ ആശ്വാസം പകരുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാർ ജീവനക്കാരുടെ ദീർഘകാലമായുള്ള ആവശ്യങ്ങളിൽ ഒന്നായ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരമായി ‘അഷ്വേർഡ് പെൻഷൻ പദ്ധതി’ ഏപ്രിൽ 1 മുതൽ നടപ്പിലാക്കും. ശമ്പള പരിഷ്കരണത്തിൽ അഞ്ച് വർഷമെന്ന നയം സർക്കാർ തുടർന്നും പാലിക്കും. ക്ഷേമ പെൻഷൻ കുടിശ്ശികകൾ പൂർണ്ണമായും കൊടുത്തുതീർക്കുമെന്നും തൊഴിലുറപ്പ് പദ്ധതിക്കായി മുൻ വർഷത്തെക്കാൾ ആയിരം കോടി രൂപ അധികമായി അനുവദിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ 100 കോടി രൂപ വകയിരുത്തിയത് ചരിത്രപരമായ തീരുമാനമാണെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചു. ഓട്ടോ സ്റ്റാന്റുകൾ സ്മാർട്ടാക്കാനും ഗിഗ് തൊഴിലാളികൾക്കായി പ്രത്യേക ഹബ്ബുകൾ സ്ഥാപിക്കാനും ബജറ്റ് ലക്ഷ്യമിടുന്നു. യുവാക്കൾക്കായി 400 കോടിയുടെ ‘കണക്റ്റ് ടു വർക്ക്’ സ്കോളർഷിപ്പ് വിഭാവനം ചെയ്തതിലൂടെ വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കും മികച്ച പിന്തുണയാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക വിവേചനങ്ങൾക്കും ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ രാഷ്ട്രീയ മറുപടിയാണ് ഈ ബജറ്റെന്ന് മുഖ്യമന്ത്രി പറഞ്ഞു.