ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് വകയിരുത്തിയത് 2500.31 കോടി രൂപ
അഡ്മിൻ
ആരോഗ്യ മേഖലയുടെ വളർച്ചയ്ക്ക് സഹായിക്കുന്നതാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വൈദ്യശുശ്രൂഷയും പൊതുജനാരോഗ്യവും മേഖലയ്ക്കുള്ള പദ്ധതി വിഹിതം ഗണ്യമായി വർദ്ധിപ്പിച്ച് 2500.31 കോടി രൂപ വകയിരുത്തി. മെഡിക്കൽ കോളേജുകൾക്കായി 259.93 കോടി രൂപ നീക്കിവച്ചു. ആരോഗ്യ മേഖലയിൽ നടന്നു വരുന്ന തുടർ വികസന പ്രവർത്തനങ്ങൾക്കും പുതിയ വികസന പ്രവർത്തനങ്ങൾക്കും ഇത് സഹായിക്കും.
റോഡപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യത്തെ 5 ദിവസം പണരഹിത ചികിത്സ നൽകുന്ന പദ്ധതിയ്ക്കായി 15 കോടി രൂപ വകയിരുത്തി. പദ്ധതിയുടെ കീഴിൽ രജിസ്റ്റർ ചെയ്ത സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഈ സൗകര്യമുണ്ടാകും. അങ്കണവാടി വർക്കർമാരുടെ പ്രതിമാസ വേതനത്തിൽ 1000 രൂപയുടേയും അങ്കണവാടി ഹെൽപ്പർമാരുടെ പ്രതിമാസ വേതനത്തിൽ 500 രൂപയുടേയും വർധനവ് വരുത്തി. ആശാ വർക്കർമാരുടെ പ്രതിമാസ വേതനത്തിൽ 1000 രൂപ രൂപയുടെ വർധനവ് വരുത്തി. കേരളത്തിലെ വയോധികർക്കിടയിൽ ന്യൂമോകോക്കൽ വാക്സിനേഷൻ പരിപാടിയ്ക്കായി 50 കോടി രൂപ വകയിരുത്തി. ബിപിഎൽ കുടുംബങ്ങളിലെ 60 വയസ്സും അതിൽ കൂടുതലുമുള്ള പ്രായമായ വ്യക്തികൾക്ക് സഹായകരമാകും. ഡയാലിസിസ് സൗകര്യമില്ലാത്ത എല്ലാ താലൂക്ക് തല ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായി 14.20 കോടി രൂപ വകയിരുത്തി. ഇതോടെ താലൂക്ക് തലം വരെയുള്ള എല്ലാ ആശുപത്രികളിലും ഡയാലിസിസ് സൗകര്യമുള്ള ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറും.
മലബാർ കാൻസർ സെന്ററിന് 50 കോടി രൂപ, കൊച്ചിൻ കാൻസർ സെന്ററിന് 30 കോടി രൂപ, ആർ.സി.സിക്ക് 90 കോടി രൂപ, മെഡിക്കൽ കോളേജുകൾ വഴിയുള്ള കാൻസർ ചികിത്സയ്ക്ക് 30 കോടി രൂപ, ജില്ലാ/താലൂക്ക് ആശുപത്രികൾക്ക് 3 കോടി രൂപ എന്നിവ ഉൾപ്പെടെ കാൻസർ രോഗനിർണയത്തിനും ചികിത്സയ്ക്കുമായി ആകെ 203 കോടി രൂപ നീക്കിവച്ചു. കഴിഞ്ഞ വർഷത്തെ വിഹിതത്തെക്കാൾ എം.സി.സി, ആർ.സി.സി, എന്നിവയ്ക്ക് 15 കോടി രൂപ വീതവും സി.സി.ആർ.സി.ക്ക് 12 കോടി രൂപയും മെഡിക്കൽ കോളേജുകൾക്ക് 10 കോടി രൂപയും അധികമായി വകയിരുത്തി.
പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി സംസ്ഥാന പദ്ധതിയിൽ 6.50 കോടി രൂപ നീക്കിവച്ചു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്കായി (കാസ്പ്) 900 കോടി രൂപ നീക്കിവച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജിക്കൽ റോബോട്ട് സ്ഥാപിക്കുന്നതിന് 12 കോടി രൂപ വകയിരുത്തി. ആർദ്രം മിഷൻ രണ്ടാം ഘട്ടം സുസ്ഥിരമാക്കുന്നതിനായി 70.92 കോടി വകയിരുത്തി. മെഡിക്കൽ കോളേജ് ആശുപത്രികളിലെ ആശുപത്രി മാലിന്യ സംസ്‌കരണത്തിനായി 22 കോടി രൂപ നീക്കിവച്ചു. ഇതിനു പുറമെ ആരോഗ്യ സേവന വകുപ്പിന് 3.10 കോടി രൂപയും വകയിരുത്തി.
ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുള്ള മെഡിക്കൽ, പാരാമെഡിക്കൽ കോളേജ് ഹോസ്റ്റലുകളുടെ നിർമ്മാണത്തിനും നവീകരണത്തിനുമായി 10 കോടി രൂപ വകയിരുത്തി. ഡിഎച്ച്എസിന് കീഴിലുള്ള ആശുപത്രികളിൽ കാത്ത് ലാബും ഐസിയുവും സ്ഥാപിക്കുന്നതിന് 7 കോടി രൂപ. ഗോത്ര-തീരദേശ-ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ആശുപത്രികളുടെയും ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളുടെയും സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 13 കോടി രൂപ. ഡി.എം.ഇ.യുടെ കീഴിലുള്ള മെഡിക്കൽ കോളേജുകൾക്കായി 259.93 കോടി രൂപയും നീക്കിവച്ചു.
ഇടുക്കി, കോന്നി, വയനാട്, കാസർഗോഡ് എന്നിവിടങ്ങളിലെ പുതിയ മെഡിക്കൽ കോളേജുകൾ കൂടുതൽ ശക്തിപ്പെടുത്തും.പദ്ധതിക്കായി 57.09 കോടി രൂപ വകയിരുത്തി. ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ സ്ഥാപിക്കുന്നത് ഉൾപ്പെടെ ആയുഷ് വകുപ്പുകളിലെ ഗവേഷണവും വികസനവും ശക്തിപ്പെടുത്തുന്നതിന് 2.50 കോടി രൂപ വകയിരുത്തി. ഇടുക്കി ഉടുമ്പൻചോലയിലുള്ള പുതിയ സർക്കാർ ആയുർവേദ കോളേജിന് 1.50 കോടി വകയിരുത്തി. ഔഷധിക്ക് 2.30 കോടി രൂപയും, ഹോംകോയ്ക്ക് 1 കോടി രൂപയും വകയിരുത്തി.
വേദന-സാന്ത്വന-വയോജന ആരോഗ്യ പരിചരണ കേന്ദ്രങ്ങൾക്കായി 5 കോടി രൂപ പകർച്ചവ്യാധികളുടെ നിയന്ത്രണം എന്ന പദ്ധതിക്കായി 12 കോടി രൂപയും സാംക്രമികേതര രോഗങ്ങളെ പ്രതിരോധിക്കുന്നതിനുളള പ്രവർത്തനങ്ങൾക്കായി 13 കോടി രൂപയും വകയിരുത്തി. സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ആശുപത്രികളുടെ വിവിധ പ്രവർത്തനങ്ങൾക്കായി 9 കോടി. കേരള എമർജൻസി മെഡിക്കൽ സർവ്വീസസ് പ്രോജക്റ്റിന് (108 ആംബുലൻസ്) കീഴിലെ കനിവ് പദ്ധതിക്ക് 38 കോടി രൂപ. പബ്ലിക് ഹെൽത്ത് ലബോറട്ടറികളുടെ പ്രവർത്തനങ്ങൾക്കായി 6 കോടി. ജില്ലാ ആശുപത്രികളിൽ മെനോപോസ് ക്ലിനിക്കുകൾ സ്ഥാപിക്കുന്ന പദ്ധതിയ്ക്കായി 3 കോടി രൂപ. നാഷണൽ ഹെൽത്ത് മിഷൻ നാഷണൽ ഹെൽത്ത് മിഷൻ വിവിധ ഘടകങ്ങൾക്കുളള 40 ശതമാനം സംസ്ഥാന വിഹിതമായി 465.20 കോടി രൂപ വകയിരുത്തി. പി.എം അഭിം പ്രവർത്തനങ്ങൾക്കുളള സംസ്ഥാന വിഹിതമായി 25 കോടി രൂപ വകയിരുത്തി. മൃതസഞ്ജീവനി മൃതസഞ്ജീവനി പദ്ധതിക്കായി 2.50 കോടി രൂപ വകയിരുത്തി. സ്ത്രീകളുടെയും കുട്ടികളുടെയും വികസനം സ്ത്രീകളുടെയും കുട്ടികളുടെയും വികസനപരവും പോഷകാഹാരപരവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, അവരുടെ വികസനത്തിനും ക്ഷേമത്തിനുമായുള്ള വിഹിതം വർദ്ധിപ്പിച്ച് 484.81 കോടി രൂപ വകയിരുത്തി.
സംസ്ഥാനത്തെ എല്ലാ അങ്കണവാടികളിലും എല്ലാ പ്രവൃത്തിദിവസങ്ങളിലും മുട്ടയോ പാലോ നൽകുന്ന പദ്ധതി തുടരുന്നതിനായി 80.90 കോടി രൂപ വകയിരുത്തി.
പ്രസവാനുകൂല്യ നിയമം അനുസരിച്ചുള്ള ക്രഷുകൾ സ്ഥാപിക്കുന്നതിനായി 8 കോടി രൂപ വകയിരുത്തി. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും അന്തസ്സും ഉറപ്പാക്കുന്നതിൽ ലിംഗാധിഷ്ഠിത അതിക്രമങ്ങളോട് 'സീറോ ടോളറൻസ്' (ഒട്ടും വിട്ടുവീഴ്ചയില്ലാത്ത) സമീപനമാണ് ഈ പ്രതിബദ്ധത സർക്കാർ സ്വീകരിക്കുന്നത്. പ്രായോഗികമാക്കുന്നതിനായി സംസ്ഥാനത്ത് നിർഭയ നയം നടപ്പിലാക്കിയിട്ടുണ്ട്. ഈ സുരക്ഷാ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, പരിചരണ കേന്ദ്രങ്ങളുടെയും പിന്തുണാ സേവനങ്ങളുടെയും സമഗ്രമായ വിപുലീകരണം ലക്ഷ്യമിടുകയാണ്.
നിലവിലുള്ള 14 എൻട്രി ഹോമുകൾ, എസ്.ഒ.എസ് മോഡൽ ഹോമുകൾ, ഇന്റഗ്രേറ്റഡ് കെയർ സെന്ററുകൾ എന്നിവയുടെ ശൃംഖലയ്ക്കൊപ്പം, മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി ഒരു പ്രത്യേക ഹോം കൂടി സ്ഥാപിക്കുന്നതാണ്. കൗമാരപ്രായക്കാരായ പെൺകുട്ടികൾക്ക് ആത്മവിശ്വാസവും സ്വയംപ്രതിരോധ ശേഷിയും നൽകുന്നതിനായി ആയോധനകലയിൽ പരിശീലനം നൽകുന്ന 'ധീര' പദ്ധതി 14 ജില്ലാതല വൺ സ്റ്റോപ്പ് സെന്ററുകൾക്കൊപ്പം വിപുലീകരിക്കും. ഈ സുപ്രധാന സംരക്ഷണ കേന്ദ്രങ്ങൾ, നിയമസഹായ സേവനങ്ങൾ, അതിജീവിച്ചവർ കേന്ദ്രീകരിച്ചുള്ള പുനരധിവാസ പരിപാടികൾ എന്നിവ തുടരുന്നതിനായി 13 കോടി രൂപ വകയിരുത്തി.
29-Jan-2026
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ